തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ആഴ്ചകള്‍ കൂടി തുടരുമെന്ന് മുന്നറിയിപ്പ്. ഓണത്തിനോട് അനുബന്ധിച്ച് നല്കിയ ഇളവുകളാണ് നിലവിലുള്ള കോവിഡ് വ്യാപനത്തിന് കാരണം. പ്രതിദിന രോഗികളുടെ എണ്ണം നാല്പത്തിനായിരത്തിന് മുകളിലെത്തുമെന്നും വിദഗ്ധര്‍ പറയുന്നു. നിലവില്‍ കോവിഡ് വ്യാപനം പ്രതീക്ഷിച്ചതാണ്. ഓണത്തിന് ശേഷം രോഗികളുടെ എണ്ണം ഉയരുമെന്ന് അറിയാമായിരുന്നുവെന്ന് ഐ.എം.എയുടെ സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ.സുല്‍ഫി നൂഹ് പറഞ്ഞു.എങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം കുറവാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആരോഗ്യമേഖല സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഓണാഘോഷത്തിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായിരുന്നു. അതേ രീതിയില്‍ തന്നെയാണ് ഇത്തവണയും കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യവിദഗ്ധന്‍ ഡോ.രാജീവ് ജയദേവന് പറഞ്ഞു.കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ പരിശോധനയും വാക്സിനേഷനും വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം 30,000ത്തിലധികം പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് രോഗികളില്‍ ഭൂരിപക്ഷവും നിലവില്‍ കേരളത്തിലാണ്.