തിരുവനന്തപുരം: ഉറവിടം അറിയാത്ത കൊറോണ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ഊര്‍ജിതമാക്കി.കളക്ടറേറ്റില്‍ കൊറോണ വാര്‍ റൂം തുറക്കും. മേഖലകള്‍ തിരിച്ച് സാംപിളുകള്‍ ശേഖരിക്കുമെന്നും ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. ഘട്ടംഘട്ടമായുള്ള കൊറോണ പ്രതിരോധ പദ്ധതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. നിരീക്ഷണത്തിലുള്ളവരുടെ സാംപിളുകളെടുക്കുന്നതിനു പുറമെ മേഖലകള്‍ തിരിച്ച് പൂള്‍ സാംപിളുകളെടുക്കല്‍, ടെസ്റ്റിങ് കേന്ദ്രങ്ങളുടെ വികേന്ദ്രീകരണം എന്നിവയാണ് പുതിയ തീരുമാനങ്ങളെന്ന് കളക്ടര്‍ അറിയിച്ചു.രാവിലെ പത്ത് മണി വരെയുള്ള കണക്ക് പ്രകാരം 70 കൊറോണ രോഗികളാണ് നിലവില്‍ ജില്ലയിലുള്ളത്. ആക്ടീവ് കേസുകള്‍ കുറവാണെങ്കിലും ജാഗ്രത തുടരേണ്ടതുണ്ട്. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദേശ പ്രകാരം പൂള്‍ സാംപിള്‍ എടുക്കുന്നതാണ്. പ്രത്യേക മേഖലകള്‍ തിരഞ്ഞെടുത്ത് സാംപിളുകള്‍ ശേഖരിക്കും. കോര്‍പറേഷന്‍ മേഖലയില്‍ നിന്നാണ് സാംപിളുകള്‍ ശേഖരിക്കുന്നത്. നഗരസഭാ പരിധിയില്‍പ്പെടുന്ന മാര്‍ക്കറ്റ്, ആശുപത്രി, ആളുകള്‍ കൂടുതലും സഞ്ചരിക്കുന്ന മേഖലകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് പൂള്‍ സാംപിളുകളെടുക്കും.രോഗ വ്യാപനത്തിന്റെ തോത് ഇതിലൂടെ മനസ്സിലാക്കാനാവും. ജില്ലയിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും കോവിഡ് പരിശീലനം നല്‍കുമെന്നും ടെസ്റ്റിങ് കേന്ദ്രങ്ങള്‍ വികേന്ദ്രീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.