Kerala, News

കോവിഡ് വ്യാപനം;കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി നാല് സംസ്ഥാനങ്ങൾ

keralanews covid spread four states ban travelers from kerala

തിരുവനന്തപുരം:കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തി നാല് സംസ്ഥാനങ്ങൾ.കർണാടക, ഉത്തരാഖണ്ഡ്, മണിപ്പൂർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണകന്നഡ അധികൃതര്‍ അറിയിച്ചു. ഒരിക്കല്‍മാത്രം യാത്രചെയ്യുന്നവര്‍ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്. നിത്യേന യാത്രചെയ്യുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ടും മംഗളൂരുവിലെ എവിടേക്കാണ് പോകുന്നതെന്നു തെളിയിക്കുന്ന രേഖയും കൈയില്‍ കരുതണം. ആംബുലന്‍സില്‍ രോഗികളുമായി വരുന്നവര്‍ ആശുപത്രിയിലെത്തിയാല്‍ ഉടന്‍ രോഗിയെയും കൂടെ വന്നവരെയും കോവിഡ് പരിശോധനയ്ക്ക്‌ വിധേയമാക്കണം.കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍,ദില്ലി എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ പോകണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ട് വേണം. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കിലേ കര്‍ണാടകത്തിലും മണിപ്പുരിലും പ്രവേശിക്കാനാവൂ. ഒഡിഷയില്‍ പുറത്തുനിന്നെത്തുന്ന 55 വയസ്സിന്‌ മുകളിലുള്ള എല്ലാവരും എത്തിയാലുടന്‍ കോവിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.

Previous ArticleNext Article