Kerala, News

കോവിഡ് വ്യാപനം; സ്കൂളുകളിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്

keralanews covid spread education department strengthen monitoring in schools

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. സ്‌കൂളുകളിലെ കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന ഇടപെടല്‍ വേണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ നിര്‍ദേശിച്ചു. ഡിഇഒമാരുടെയും ഡെപ്യൂട്ടി ഡയറക്‌ടര്‍മാരുടെയും നേതൃത്വത്തില്‍ സ്‌കൂളുകളില്‍ കര്‍ശന പരിശോധന നടത്തും.വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കണമെന്നും പ്രധാന അധ്യാപകര്‍ ദിവസവും ഡിഡിഇക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.ഡി.ഇ.ഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്‌കൂളുകളില്‍ പരിശോധന നടത്തണം. സ്‌കൂളുകള്‍ക്ക് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധ്യാപകരുടെ നിരീക്ഷണം ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.കൊവിഡ് വ്യാപനത്തെക്കുറിച്ച്‌ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ നിര്‍ദേശിച്ചു. മലപ്പുറം മാറഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും 186 വിദ്യാര്‍ഥികള്‍ക്കും 75 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി.ഞായറാഴ്ച വൈകുന്നേരമാണ് പരിശോധനാഫലം പുറത്തുവന്നത്. സമൂഹാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ വെള്ളിയാഴ്ചയാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പെടെയുള്ളവരുടെ സാമ്പിൾ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്കായി എടുത്തത്.

Previous ArticleNext Article