കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥിതി ഗുരുതരമാകുന്നു. കഴിഞ്ഞ ദിവസം 19 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്.ഇതോടെ മൂന്ന് ദിവസത്തിനുള്ളില്‍ തടവുകാര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമായി 174 പേര്‍ക്കാണ് രോഗം പോസിറ്റിവായത്. പരോള്‍ കഴിഞ്ഞ് ജയിലിലെത്തിയ രണ്ടുപേര്‍ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജയിലിനുള്ളില്‍ നടത്തിയ ആര്.ടി.പി.സി.ആര് പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 200 പേരുടെ പരിശോധന ഫലം ഇന്ന് വരും.നിലവില്‍ രോഗം ബാധിച്ചവരെ പ്രത്യേക ബ്ലോക്കില്‍ ഡോര്‍മിറ്ററി സംവിധാനം ഒരുക്കിയാണ് പാര്‍പ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിലുള്ളവര്‍ക്കും ഇതേ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇനിയും പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ജയിലിലെ സൗകര്യം തികയാതെ വരുമോയെന്ന ആശങ്കയിലാണ് അധികൃതര്‍.രണ്ട് ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനം ജയിലിലുണ്ട്. രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെടേണ്ടിവരും.കേന്ദ്രത്തിലുള്ള മറ്റുരോഗികളുടെയും തടവുകാരുടെയും സുരക്ഷയെ ബാധിക്കുന്ന കാര്യമായതുകൊണ്ടുതന്നെ രോഗബാധിതരായ തടവുകാരെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റുകയെന്നത് പ്രായോഗിക കാര്യമല്ല. അതിനാലാണ് ജയിലിനുള്ളില്‍തന്നെ ചികിത്സ സൗകര്യമൊരുക്കി രോഗികളെ പാര്‍പ്പിക്കുന്നത്. തടവുകാര്‍ക്കിടയില്‍ രോഗം കൂടുന്ന സാഹചര്യത്തില്‍ ജയിലിനുള്ളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജയില്‍ ഡി.ജി.പി തിങ്കളാഴ്ച ഉത്തരവിറക്കിയിട്ടുണ്ട്.