Kerala, News

കോവിഡ് വ്യാപനം;കണ്ണൂർ ജില്ലയിലെ എല്ലാ പ്രധാന ആശുപത്രികളിലും ഇന്‍സിഡന്റ് കമാന്റര്‍മാരെ നിയമിച്ച് കളക്റ്ററുടെ ഉത്തരവ്

keralanews covid spread collector order to appoint incident commanders in all major hospitals in kannur district

കണ്ണൂർ:കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ പ്രധാന ആശുപത്രികളിലും ഇന്‍സിഡന്റ് കമാന്റര്‍മാരെ നിയമിച്ച് കളക്റ്റർ ഉത്തരവിറക്കി. ഗുരുതര സ്വഭാവമുള്ള കൊവിഡ് രോഗികളുടെ ചികില്‍സയ്ക്കാവശ്യമായ കിടക്കകള്‍, ഡി ടൈപ്പ് ഓക്‌സിജന്‍ സിലിണ്ടര്‍, ജീവന്‍ രക്ഷാ മരുന്നുകള്‍ തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ മറ്റ് ക്രമീകരണങ്ങള്‍ നടത്തുന്നതിനുമായാണ് ഇന്‍സിഡന്റ് കമാന്റര്‍മാരെ നിയമിച്ചിരിക്കുന്നത്.ഇവര്‍ ബന്ധപ്പെട്ട ആശുപത്രികള്‍ സന്ദര്‍ശിച്ച്‌ ഇവിടങ്ങളില്‍ ഡി ടൈപ്പ് ഓക്‌സിജന്‍ സിലിണ്ടറുകളുടെ എണ്ണം, ഓക്‌സിജന്‍ പ്ലാന്റിന്റെ ലഭ്യത എന്നിവ ഡിഡിഎംഎയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഇവിടെ ലഭ്യമായ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവയുടെയും കണക്കെടുക്കണം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം എബിസി കാറ്റഗറി തിരിച്ച്‌ ദിവസേന അപ്‌ഡേറ്റ് ചെയ്യണം. ഇതോടൊപ്പം ജീവന്‍ രക്ഷാ മരുന്നുകളുടെ പ്രതിദിന സ്റ്റോക്കും റിപ്പോര്‍ട്ട് ചെയ്യണം. കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, ജിം കെയര്‍, ആശിര്‍വാദ്, സ്‌പെഷ്യാലിറ്റി, ശ്രീചന്ദ്, ധനലക്ഷ്മി, കൊയിലി, എകെജി, കിംസ്റ്റ്, മദര്‍ ആന്റ് ചൈല്‍ഡ് ആശുപത്രികള്‍, ചെറുകുന്ന് എസ്‌എംഡിപി, തലശ്ശേരി ഇന്ദിരാഗാന്ധി, തലശ്ശേരി കോ-ഓപ്പറേറ്റീവ്, ടെലി, ജോസ് ഗിരി, ക്രിസ്തുരാജ്, മിഷന്‍, ഇരിട്ടി അമല,തളിപ്പറമ്പ ലൂര്‍ദ്ദ്, കോ-ഓപ്പറേറ്റീവ്, പയ്യന്നൂര്‍ പ്രിയദര്‍ശിനി, കോ-ഓപ്പറേറ്റീവ്, സഭ ഹോസ്പിറ്റലുകള്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഇന്‍സിഡന്റ് കമാന്റര്‍മാരെ നിയമിച്ചത്.അതോടൊപ്പം രോഗികൾക്ക് വിദഗ്ധ ചികില്‍സ ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ  മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, സഹകരണ, ഇഎസ്‌ഐ ആശുപത്രികളും 50 ശതമാനം ബെഡുകള്‍ കൊവിഡ് ചികില്‍സയ്ക്കു മാത്രമായി മാറ്റിവെയ്ക്കാനും കലക്റ്റർ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു.ദുരന്തനിവാരണ നിയമത്തിലെ 24, 65 വകുപ്പുകള്‍ പ്രകാരമാണ് നടപടി.മാറ്റി വെക്കുന്ന പകുതി ബെഡുകളില്‍ 25 ശതമാനം ബെഡുകളിലേക്കുള്ള പ്രവേശനം ഡിഡിഎംഎ മുഖാന്തിരമായിരിക്കും നിര്‍വഹിക്കുക. ഗുരുതര രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കാറ്റഗറി ബി, സി വിഭാഗങ്ങളില്‍പ്പെട്ട കൊവിഡ് രോഗികളെയാണ് ഇവിടങ്ങളില്‍ പ്രവേശിപ്പിക്കുക.

Previous ArticleNext Article