Kerala, News

കണ്ണൂരില്‍ ഇന്നലെ കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്

keralanews covid result of sdpi activist killed in kannur is positive

കണ്ണൂർ:കണ്ണൂരില്‍ ഇന്നലെ കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്.തലശ്ശേരി ജനറല്‍ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.ഇതോടെ വെട്ടേറ്റ ശേഷം സലാഹുദീനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാര്‍, ആംബുലന്‍സ് ഡ്രൈവര്‍, പൊലീസുകാര്‍, ഉള്‍പ്പടെ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.അതേസമയം പോസ്റ്റ്മോര്‍ട്ടം നടപടികളും മറ്റും പരിയാരത്ത് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കോവിഡ് സ്ഥിരീകരിച്ചതിനാല്‍, ഫോറന്‍സിക് സര്‍ജനുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് തലശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

അതേസമയം മുഹമ്മദ് സലാഹുദ്ദീന്റെ കൊലപാതകം ആസൂത്രിതമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ സഹോദരങ്ങള്‍ക്കൊപ്പം കാറില്‍ പുറപ്പെട്ട സലാഹുദ്ദീന്‍ സംഭവം നടന്ന സ്ഥലത്തെത്തിയത് 3.40ഓടെയാണ്. ഈ ഇടവേളയില്‍ കൊലയാളികള്‍ കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം.കൂടാതെ കൂത്തുപറമ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ സലാഹുദ്ദീനെ ഒരു സംഘം പിന്തുടര്‍ന്നതായും മറ്റൊരു സംഘം ചുണ്ടയിലെ റോഡിന് സമീപം കാത്തുനിന്നിരുന്നതായും പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. അക്രമിസംഘത്തില്‍ പതിനൊന്ന് പേരുണ്ടായിരുന്നതായും കാറില്‍ കൂടെയുണ്ടായിരുന്ന സഹോദരിമാരുടെ മൊഴി നിര്‍ണായകമാണെന്നും പൊലീസ് പറയുന്നു.എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന നിലക്ക് സലാഹുദ്ദീന് നേരെ ഭീഷണിയുണ്ടായിരുന്നതായും പൊലീസ് പറയുന്നു.സലാഹുദ്ദീന്റെ കാറില്‍ ബൈക്ക് ഇടിച്ചാണ് കുറ്റവാളികള്‍ അപകടം സൃഷ്ടിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ശബ്ദം കേട്ട് പ്രദേശവാസികള്‍ വന്നുവെങ്കിലും പ്രശ്‌നം ഞങ്ങള്‍ തന്നെ പറഞ്ഞുതീര്‍ത്തോളാം എന്ന് പറഞ്ഞ് അവരെ കുറ്റവാളികള്‍ പറഞ്ഞുവിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

Previous ArticleNext Article