തിരുവനന്തപുരം:കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു.പൊതുസ്ഥലങ്ങളിൽ മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും.സംസ്ഥാനത്ത് ഒരാഴ്ചയോളമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരിടത്തും കോവിഡ് മാനദണ്ഡം പാലിക്കാത്തതാണ് കേസുകൾ ഉയരാൻ പ്രധാന കാരണം. വിഷുവും പരീക്ഷകൾ ആരംഭിച്ചതും കാരണം വരും ദിവസളിൽ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കുന്നത്.ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് ജാഗ്രത കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും. നിര്‍ദേശം നടപ്പാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് സാഖറെയെ നിയോഗിച്ചു. നടപടിയെടുക്കാൻ സെക്ടറൽ മസിട്രേറ്റുമാരെയും നിയമിക്കും. ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവർ ഒരാഴ്ച്ച ക്വാറന്‍റൈന്‍ കർശനമായി പാലിക്കണം. കൂടുതൽ സാമ്പിളുകൾ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. വാക്സിനേഷൻ ഊർജിതമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.