Kerala, News

കോ​വി​ഡ് നിരക്ക് ഉയരുന്നു;ജില്ലയിൽ കരുതൽ നടപടികള്‍ ശക്തമാക്കി

keralanews Covid rate rises restrictions tightened in the state

കണ്ണൂര്‍: കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാനും ഡാറ്റാ എന്‍ട്രി സംവിധാനം കാര്യക്ഷമമാക്കാനും ജില്ലാ കോവിഡ് നോഡല്‍ ഓഫീസര്‍ എസ്. ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പിന് ലഭിക്കുന്ന വിവരങ്ങള്‍ ഉടനടി ജാഗ്രതാ പോര്‍ട്ടലില്‍ ലഭ്യമാക്കാനും അതനുസരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.പോസിറ്റീവായവര്‍ ചികിത്സയ്ക്കുശേഷം നെഗറ്റീവാണെങ്കില്‍ പോര്‍ട്ടലില്‍ നിന്ന് ഒഴിവാക്കി ഡാറ്റാ സംവിധാനം കുറ്റമറ്റതാക്കണം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യുന്ന വിവരങ്ങള്‍ക്കനുസരിച്ച്‌ മാപ്പിംഗ് നടത്തി മൈക്രോ കണ്ടെയ്ന്‍മെന്‍റ്  സോണുകള്‍ പ്രഖ്യാപിക്കും. സെക്ടറല്‍ മജിസ്ട്രേറ്റുമാരെ പുനക്രമീകരിച്ച്‌ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.ആര്‍ആര്‍ടികളെ സഹായിക്കുന്നതിന് വാര്‍ഡ്തല കമ്മിറ്റികളെ നിയമിക്കുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.രോഗബാധിതരുടെ എണ്ണം വർധിക്കുമ്പോൾ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ആറളം, കൂത്തുപറമ്പ്, തളിപ്പറമ്പ്, പേരാവൂര്‍ എന്നിവിടങ്ങളിലെ പട്ടികവര്‍ഗ കോളനികളില്‍ 57 പോസിറ്റീവ് കേസുകള്‍ നിലവിലുണ്ട്. ഇവിടങ്ങളില്‍ പ്രത്യേകശ്രദ്ധ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളുടെ സഹകരണം ലഭ്യമാക്കാനുള്ള നടപടികളുണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് യോഗത്തില്‍ അറിയിച്ചു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം ഇ.പി. മേഴ്‌സിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ ഡെവലപ്പ്മെന്‍റ് ഓഫീസര്‍ സ്നേഹില്‍ കുമാര്‍ സിംഗ, വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Previous ArticleNext Article