പത്തനംതിട്ട: കൊറോണ രോഗിയായ പത്തൊൻപതുകാരിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ.ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച സംഭവം ഉണ്ടായത്. ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫൽ(29)ആണ് അറസ്റ്റിലായത്.അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കൊറോണ കെയര്‍ സെന്ററിലേക്ക് പോകുമ്പോഴായിരുന്നു പീഡനം.അച്ഛനും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടൂര്‍ വടക്കേടത്തുള്ള ബന്ധുവീട്ടില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി.ശനിയാഴ്ച പരിശോധനയില്‍ കൊറോണ പോസിറ്റീവായ വിവരം വൈകിട്ടാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. കെയര്‍ സെന്ററിലേക്ക് മാറ്റുകയാണെന്നും ഇതിനായി തയാറായി നില്ക്കാനുമുള്ള നിര്‍ദേശം പെണ്‍കുട്ടിക്കു ലഭിച്ചു. രാത്രി പതിനൊന്നരയോടെ അടൂര്‍ ജനറല്‍ ആശുപത്രിയിലെ 108 ആംബുലന്‍സ് പെണ്‍കുട്ടിയെ കൊണ്ടു പോകാനെത്തി. ആംബുലന്‍സില്‍ നാല്‍പ്പത് വയസുള്ള കൊറോണ പോസീറ്റീവായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവരെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലും പെണ്‍കുട്ടിയെ പന്തളത്തെ കെയര്‍ സെന്ററിലും പ്രവേശിപ്പിക്കാനായിരുന്നു നിര്‍ദേശം. തൊട്ടടുത്തുള്ള പന്തളത്തേക്ക് പോകാതെ നൗഫല്‍ ആംബുലന്‍സ് കോഴഞ്ചേരിക്ക് വിട്ടു. പതിനെട്ടു കിലോമീറ്ററോളം സഞ്ചരിച്ച് സ്ത്രീയെ കോഴഞ്ചേരിയില്‍ ഇറക്കിയ ശേഷം പെണ്‍കുട്ടിയുമായി നൗഫല്‍ പന്തളത്തേക്ക് മടങ്ങി.തിരിച്ചു വരും വഴി ആറന്മുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തിന് സമീപം രാത്രി പന്ത്രണ്ടരയോടെ നൗഫല്‍ ആംബുലന്‍സ് നിര്‍ത്തി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.പീഡനത്തിന് ശേഷം നടന്ന സംഭവങ്ങള്‍ ആരോടും പറയരുതെന്നും അബദ്ധത്തില്‍ സംഭവിച്ചതാണിതെന്നും നൗഫല്‍ പെണ്‍കുട്ടിയോട് പറഞ്ഞു. ഈ സംഭാഷണം പെണ്‍കുട്ടി രഹസ്യമായി ഫോണില്‍ റെക്കോഡ് ചെയ്തു. സംഭവത്തിനു ശേഷം പെണ്‍കുട്ടിയുമായി കിടങ്ങന്നൂര്‍-കുളനട വഴി പന്തളത്തെത്തി അര്‍ച്ചന ആശുപത്രിയിലെ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ഇറക്കി വിട്ട ശേഷം അടൂരിന് പോയി. പെണ്‍കുട്ടി ഈ വിവരം ആരോടും പറയില്ലെന്നാണ് നൗഫല്‍ കരുതിയത്. ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്.പന്തളത്തെ കെയര്‍ സെന്ററിലെത്തിയപ്പോള്‍ പെണ്‍കുട്ടി ആംബുലന്‍സില്‍ നിന്നും ഇറങ്ങിയോടി പീഡനവിവരം അധികൃതരെ അറിയിച്ചു. അവര്‍ പന്തളം പോലീസിനെ വിളിച്ചു വരുത്തി. തുടര്‍ന്ന് വനിതാ പോലീസ് അടക്കം പന്തളം സ്റ്റേഷനില്‍ നിന്നുള്ള സംഘം കൊറോണ സെന്ററിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയില്‍ നിന്നും ആംബുലന്‍സ് വിവരങ്ങള്‍ ശേഖരിച്ച പോലീസ് പ്രതിയായ നൗഫലിനെ തിരിച്ചറിഞ്ഞു.ഇയാളുടെ ആംബുലന്‍സ് അടൂര്‍ ആശുപത്രിയിലുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്തളം പോലീസ് അടൂര്‍ പോലീസിനെ വിവരം അറിയിക്കുകയും അവര്‍ ആശുപത്രിയിലെത്തി നൗഫലിനെ പിടികൂടുകയുമായിരുന്നു. ഇയാളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.