Kerala, News

കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കൊവിഡ് രോഗി മരിച്ച സംഭവം;പൊലീസ് അന്വേഷണം തുടങ്ങി

keralanews covid patient dies while undergoing treatment at kalamassery government medical college police started investigation

കൊച്ചി: കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഹാരിസിന്റെ മരണ സമയത്തെ ആശുപത്രിയിലെ ഡ്യൂട്ടി ഷിഫ്റ്റ് പൊലീസ് ആവശ്യപ്പെട്ടു.ആശുപത്രിയിലെ ഡോക്ടേഴ്‌സിന്റേയും ഇതര ജീവനക്കാരുടേയും മൊഴിയെടുക്കും.സംഭവത്തില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് അനാസ്ഥ ഉണ്ടായോ എന്നാണ് അന്വേഷണം.ഹാരിസിന്റെ ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും.നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം ശരിവച്ച ജൂനിയര്‍ ഡോക്ടര്‍ നജ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.അതിനിടെ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം തുടരുകയാണ്.ആരോഗ്യ ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് അന്വേഷണം നടത്തുന്നത്. ആരോപണങ്ങള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളും സൂപ്രണ്ടും ഇന്നലെ നിഷേധിച്ചിരുന്നു. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് ഹൃദയ സ്തംഭനം ഉണ്ടായാണ് ഹാരിസ് മരിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.ശബ്ദസന്ദേശത്തില്‍ പറയുന്ന നഴ്സിങ് ഓഫീസര്‍ ഒരു മാസത്തിലേറെയായി അവധിയിലായിരുന്നുവെന്നും, കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ലെന്നും ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍ ‌വ്യക്തമാക്കി. ശബ്ദസന്ദേശത്തെ ശരിവെച്ച ഡോക്ടര്‍ നജ്മയില്‍ നിന്നും ആശുപത്രി അധികൃതര്‍ വിശദീകരണം തേടിയിട്ടുണ്ട്.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശി ഹാരിസാണ് ആശുപത്രി ജീവനക്കാരുടെ ചികിത്സാ വീഴ്ചയെ തുടര്‍ന്ന് മരണപ്പെട്ടത്. ഓക്‌സിജന്‍ ലഭിക്കാതെയാണ് രോഗി മരിച്ചതെന്ന് നഴ്‌സിംഗ് ഓഫീസര്‍ വെളിപ്പെടുത്തുന്ന ശബ്ദു സന്ദേശം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.അതേസമയം സംഭവത്തില്‍ മെഡിക്കല്‍ കോളേജ്‌ അധികൃതരെ പിന്തുണച്ച്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി. മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ ഉള്ള ഗൂഢ ലക്ഷ്യമാണ് ആരോപണത്തിന് പിന്നിലെന്ന് വിമര്‍ശിച്ചു.

Previous ArticleNext Article