വയനാട്:മാനന്തവാടി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ സ്റ്റേഷനിലെ 24 പൊലീസുകാരെ നിരീക്ഷണത്തിലാക്കി.വയനാട് ജില്ലാ പോലീസ് മേധാവിയെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച പോലീസുകാരില്‍ ഒരാള്‍ പോലീസ് മേധാവിയുടെ കമാന്‍ഡോ ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഇദ്ദേഹം ജോലിചെയ്തിരുന്നതായും ജില്ലാ പോലീസ് മേധാവിയോടൊപ്പം പല സ്ഥലങ്ങളിലും സഞ്ചരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മേധാവിയെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.രോഗം സ്ഥിരീകരിച്ച രണ്ട് പൊലീസുകാര്‍ക്കും രോഗബാധയുണ്ടായത് വയനാട്ടില്‍ വെച്ച് തന്നെയാണ്. ഒരാള്‍ കണ്ണൂര്‍ സ്വദേശിയും മറ്റൊരാള്‍ മലപ്പുറം സ്വദേശിയുമാണ്.പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാനന്തവാടി സ്റ്റേഷനില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച അവസ്ഥയിലാണ്. പൊതുജനങ്ങളെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുന്നില്ല. പരാതി നല്കേണ്ടവര് ഇ മെയില്‍ വഴിയൊ മറ്റു സ്റ്റേഷനിലൊ പരാതി നല്‍കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഉന്നത ഉദ്യോഗസ്ഥര്‍ ക്വാറന്റൈനീല്‍ പോയ സാഹചര്യത്തില്‍ ഇവരുടെ ചുമതലകള്‍ മറ്റു ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. മാനന്തവാടിയില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ അതത് ഡ്യൂട്ടി പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം. അത്യാവശ്യ ഘട്ടത്തില്‍ സ്റ്റേഷനിലേക്ക് പിപിഇ കിറ്റ് ധരിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥരെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളു. ആരോഗ്യവകുപ്പിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ സ്റ്റേഷന് ഉടന്‍ അണുവിമുക്തമാക്കും.കൊവിഡ് മുക്തമായിരുന്ന വയനാട്ടിൽ കോയമ്പേട് നിന്നെത്തിയ ട്രക്ക് ഡ്രൈവറിലൂടെയാണ് വീണ്ടും ജില്ലയില്‍ ആശങ്ക പടര്‍ന്നിരിക്കുന്നത്. ട്രക്ക് ഡ്രൈവറുടെ സഹയാത്രികന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ മകന്റെ സുഹൃത്തും കൊവിഡ് ബാധിതനായി. മകന്റെ സുഹൃത്തിനെ മറ്റൊരു കേസില്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസുകാര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് വിവരം.ചോദ്യം ചെയ്ത സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസുകാരില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്.വയനാട്ടില്‍ ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചു വയസ്സുകാരിക്കുമാണ് പുതുതായി രോഗം സ്ഥിരികരിച്ചത്. ഇവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ നിലവില്‍ രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പത്തായി.
Kerala, News
മാനന്തവാടി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്;സ്റ്റേഷനിലെ 24 പൊലീസുകാര്‍ നിരീക്ഷണത്തില്‍
Previous Articleസംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു