Kerala, News

കോവിഡ് വ്യാപനം;മേയ് 4 മുതല്‍ 9 വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം;ടിവി സീരിയല്‍ ഷൂട്ടിങ് നിര്‍ത്തിവയ്ക്കും

keralanews covid expansion strict control in the state from may 4 to 9 tv serial shooting to be stopped

തിരുവനന്തപുരം:കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത ആഴ്ച കര്‍ശന നിയന്ത്രണം ഏര്‍പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയ് നാലു മുതല്‍ ഒമ്പതുവരെ കര്‍ശന നിയന്ത്രണം ഏര്‍പെടുത്തും. ടിവി സീരിയല്‍ ഷൂട്ടിങ് നിര്‍ത്തിവയ്ക്കും. പച്ചക്കറി, മീന്‍ മാര്‍കറ്റിലെ കച്ചവടക്കാര്‍ രണ്ടു മീറ്റര്‍ അകലം പാലിച്ച്‌ കച്ചവടം നടത്തണം. ഇവര്‍ രണ്ടു മാസ്‌ക് ധരിക്കുകയും വേണം. വീട്ടു സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ കച്ചവടക്കാര്‍ മുന്‍ഗണന നല്‍കണം. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് വാട്‌സ് ആപില്‍ നല്‍കിയാല്‍ എത്തിക്കാന്‍ ഡെലിവറി സംവിധാനം ഒരുക്കണം.ഓരോ വ്യക്തിയും സ്വയം ലോക് ഡൗണിലേക്കു പോകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആഘോഷങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കുമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുമെന്നും ഉറപ്പാക്കണം. നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ കൃത്യമായ മാനദണ്ഡങ്ങളുണ്ടാകും. ദുരന്ത നിവാരണ നിയമം ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓക്സിജന്‍ എത്തിക്കുന്നതില്‍ ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമെന്നും അതിന് പൊലീസ് ഫലപ്രദമായി ഇടപെടണമെന്ന് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഉച്ചക്ക് രണ്ടു മണി വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. അത് പാലിക്കാന്‍ ബാങ്കുകാര്‍ തയാറാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്താന്‍ വാര്‍ഡുകളില്‍ 20 പേരടങ്ങിയ സന്നദ്ധ സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.പൊലീസിന്‍റെ സ്ക്വാഡുകള്‍ വാഹന പരിശോധനയും ശക്തമാക്കും.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഉത്തരവാദിത്തത്തോടെ പെരുമാറണം. വീടുകളിലിരുന്നു ഫലമറിയണം. ആഹ്ലാദപ്രകടനം പാടില്ല. ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടാകരുത്. രോഗവ്യാപനം കൂട്ടുന്ന ദിവസമായി ഫലപ്രഖ്യാപന ദിവസം മാറ്റരുത്.അടുത്ത സമ്പർക്കത്തിൽ അല്ലാതെയും രോഗം പടരുന്നു എന്നതാണ് രണ്ടാമത്തെ തരംഗത്തില്‍ കാണുന്ന പ്രത്യേകത. രോഗാണു ഏറെ നേരം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ജനിതക വ്യതിയാനം വന്ന വൈറസിനു മനുഷ്യശരീരത്തിലേക്കു കടക്കാന്‍ കഴിവ് കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous ArticleNext Article