തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആറു പേരും കണ്ണൂര്‍ സ്വദേശികളാണ്.ഇവരിൽ അഞ്ചുപേരും വിദേശത്തു നിന്ന് വന്നതാണ്. ഒരാള്‍ക്ക് സമ്പർക്കത്തിലൂടെയാണ് പകര്‍ന്നത്.അതേസമയം ഇന്ന് 21 പേര്‍ രോഗമുക്തരായി. കാസര്‍കോട്ട് 19 പേരും ആലപ്പുഴയില്‍ രണ്ടു പേരുമാണ് രോഗമുക്തരായത്.ഇതോടെ ആലപ്പുഴ ജില്ലയില്‍ കൊവിഡ് രോഗം ബാധിച്ച അവസാന രോഗിക്കും രോഗം ഭേദമായി ആശുപത്രി വിട്ടു. 114 പേരാണ് ഇനി ചികിത്സയിലുള്ളത്.46,323 പേർ ഇനി നിരീക്ഷണത്തിലുണ്ട്. 45,925 പേർ വീടുകളിലും 398 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 62 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19,756 സാംപിൾ പരിശോധനയ്ക്ക് അയച്ചു.19,074 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ആശുപത്രിയില്‍ ക്വാറന്റൈനിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രണ്ടു മൂന്നുദിവസം കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നുവരെ എല്ലാ ദിവസവും മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന്‍റെ പൊങ്ങച്ചം അവതരിപ്പിക്കാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ദിവസേനയുള്ള വിവരങ്ങള്‍ എല്ലാവരെയും അറിയിക്കാനാണ് വാര്‍ത്താസമ്മേളനം നടത്തിവന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ കോവിഡ് അവസ്ഥയില്‍ കാര്യമായ പുരോഗതി ഉണ്ടായതോടെയാണ് എല്ലാ ദിവസവും ഉണ്ടായിരുന്ന വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ വാര്‍ത്താ സമ്മേളനം എന്നായിരുന്നു തീരുമാനം.നേരത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ആറുമണിത്തള്ള് എന്നായിരുന്നു പ്രതിപക്ഷ യുവ എംഎല്‍എമാരുടെ പരിഹാസം.