Kerala, News

മാധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലാ കലക്ടര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

keralanews covid confirmed in journalist kasarkode district collector goes into self quarantine

കാസർകോഡ്:മാധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത് ബാബു സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.കോവിഡ് 19 സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കളക്ടറുടെ അഭിമുഖം എടുത്തിരുന്നു.ഇതോടെയാണ് കളക്ടറും ഡ്രൈവറും ഗണ്‍മാനും നിരീക്ഷണത്തില്‍ പോയത്. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, അദ്ദേഹത്തിന്റെ ഡ്രൈവര്‍, ഗണ്‍മാന്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പോയത്.ജില്ലാ കളക്ടറുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു.ജില്ലയിലെ സാമൂഹ്യ വ്യാപന സാധ്യത പരിശോധനയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചത്. ഈ പരിശോധനയിലാണ് ഒരു പോസ്റ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും നിരീക്ഷണത്തില്‍ പോവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.ജില്ലയില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകന് പുറമെ മറ്റൊരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെമ്മനാട് പഞ്ചായത്തിലെ 29 കാരനാണ് കോവിഡ്19 സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി. ഇദ്ദേഹം മുംബൈയില്‍ നിന്നാണ് നാട്ടിലെത്തിയത്. വീട്ടില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Previous ArticleNext Article