കണ്ണൂർ:കണ്ണൂരിൽ വീണ്ടും ഉറവിടം തിരിച്ചറിയാത്ത കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു. കോർപ്പറേഷൻ പരിധിയിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന പതിനാലുകാരനാണ് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്.കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ഇയാൾ നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതെ തുടർന്ന് കണ്ണൂർ നഗരം ഭാഗികമായി അടയ്ക്കാൻ കലക്ടർ ഉത്തരവിട്ടു. കണ്ണൂർ കോർപ്പറേഷനിലെ 51,52,53 ഡിവിഷനുകളായ കാനത്തൂർ, പയ്യാമ്പലം, താളിക്കാവ് എന്നിവിടങ്ങളിലാണ് നിയന്ത്രണം. വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചിടും. ഗതാഗത നിയന്ത്രണവും ഉണ്ടാകും.കടകളോ ഓഫീസുകളോ തുറന്നാൽ കർശന നടപടി ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവിയും അറിയിച്ചു.അതേസമയം രണ്ടു ദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ച കെഎസ്ആർടിസി ഡ്രൈവർ എത്തിയ കണ്ണൂർ ഡിപ്പോയിലെ 40 ജീവനക്കാർ നിലവിൽ ക്വാറന്റൈനിലാണ്. ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ ഇരിക്കൂർ ബ്ലാത്തൂർ സ്വദേശി ഇന്ന് മരണപ്പെടുകയും ചെയ്തിരുന്നു.