ഇരിട്ടി:ഇരിട്ടിയില്‍ സമ്പർക്കത്തിലൂടെ 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.വെള്ളിയാഴ്ച 9 പേര്‍ക്കു കോവിഡ് പോസിറ്റിവായി ഫലം വന്നതായി സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ചയാണ് അതിന് സ്ഥിരീകരണം വന്നത്. ഇതുകൂടാതെ ഞായറാഴ്ച ഒരു പായം സ്വദേശിക്കുകൂടി പരിശോധനാ ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരണം വന്നതോടെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സമ്പർക്കം മൂലം രോഗ ബാധിതരായവരുടെ എണ്ണം 11 ആയി.ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പായം സ്വദേശി കഴിഞ്ഞ 31 നാണ് ഇവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്കു പോയത്. ആദ്യം രോഗം സ്ഥിരീകരിച്ച പടിയൂര്‍ കൊശവന്‍ വയല്‍ സ്വദേശി ആശുപത്രിയില്‍ കിടന്ന കാലയളവില്‍ തന്നെയായിരുന്നു ഇയാളും ഇവിടെ കിടന്നിരുന്നത്.
കോവിഡ് സ്ഥിരീകരിച്ച രോഗിയെ ശുശ്രൂഷിച്ച ഡോക്ടറും 27 മുതല്‍ 7 വരെ കിടത്തി ചികിത്സയിലുണ്ടായിരുന്ന 69 പേരും ഇവരുടെ 39 കൂട്ടിരിപ്പുകാരും അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്വാറന്റീനില്‍ പോയിട്ടുണ്ട്. ഇനിയും കൂട്ടിരിപ്പുകാര്‍ ഉണ്ടെന്ന നിരീക്ഷണത്തെത്തുടര്‍ന്ന് ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് . ഈ കാലയളവില്‍ ഇവിടെ കിടത്തി ചികിത്സ വിഭാഗത്തില്‍ എത്തിയവരും ഇവിടെ ഉണ്ടായിരുന്ന രോഗികള്‍ക്ക് കൂട്ടിരിപ്പിനെത്തിയവരും താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗവുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രന്‍ അറിയിച്ചു.
27 മുതല്‍ 7 വരെ ആശുപത്രിയില്‍ എത്തിയവരോട് സ്വയം നിരീക്ഷണത്തില്‍ പോകാനും പനി , തൊണ്ടവേദന, ജലദോഷം, ചുമ , ശ്വാസതടസ്സം, രുചിക്കുറവ്, മണം തിരിച്ചറിയാത്ത അവസ്ഥ തുടങ്ങിയ കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ അടിയന്തരമായി ടെസ്റ്റിന് വിധേയമാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംശയമുള്ളവര്‍ക്ക് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് . താത്പര്യമുള്ളവര്‍ ഇരിട്ടി താലൂക്ക് ആശുപത്രി അധികൃതരുമായി ബന്ധപ്പെടാവുന്നതുമാണെന്ന് സൂപ്രണ്ട് അറിയിച്ചു. ആശുപത്രി പരിസരത്തുള്ള മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ മുഴുവന്‍ അടപ്പിച്ചു. താലൂക്ക് പരിധിയിലുള്ള ജന വിഭാഗങ്ങളും ജാഗ്രതയിലാവണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കുന്നുണ്ട്.