India, News

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു;ദല്‍ഹിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; ഇല്ലെങ്കില്‍ 500 രൂപ പിഴ

keralanews covid cases rise again in india mask made compulsory in delhi 500 rupees fine if failed to do so

ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി.മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്തും. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.ഡൽഹിയിൽ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ ഏപ്രില്‍ തുടക്കത്തില്‍ പിന്‍വലിച്ചിരുന്നു. നിലവില്‍ പുതിയ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാസ്‌ക് ഉപയോഗം കൂട്ടാന്‍ പിഴ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി വീണ്ടും പുനസ്ഥാപിച്ചത്. കോവിഡ് കേസുകളില്‍ നേരിയ വര്‍ധന റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ദല്‍ഹി, ഹരിയാന, മിസോറം എന്നീ സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വ്യാപനം നിരീക്ഷിക്കാനും ഉടനടി നടപടികള്‍ കൈക്കൊള്ളാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.കോവിഡ് പരിശോധന വ്യാപകമാക്കാനും വാക്സിനേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്താനും നിര്‍ദേശമുണ്ട്. അതേസമയം സ്‌കൂളുകള്‍ അടയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം. പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയില്ല. കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ദല്‍ഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ബുധനാഴ്ച 0.44 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ 12ന് പോസിറ്റീവ് നിരക്ക് 0.21 ശതമാനമായിരുന്നു. ബുധനാഴ്ചത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനമാണ്.

Previous ArticleNext Article