Food, Kerala, News

കോവിഡ് 19;പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കാൻ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്

keralanews covid 19 special squads formed to strengthen inspections as part of preventive measures

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കാനായി ഭക്ഷ്യസുരക്ഷ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.ഭക്ഷ്യോല്‍പാദന, വിതരണ സ്ഥാപനങ്ങൾ പ്രത്യേകിച്ച്‌ ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, റയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയവയുടെ സമീപമുളള ബേക്കറികള്‍, റസ്‌റ്റോറന്റുകള്‍ എന്നിവ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധിച്ച്‌ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തും.പരിശോധനയില്‍ വ്യക്തി ശുചിത്വം, ഹാന്റ് സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പ് എന്നിവയുടെ ലഭ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുന്നതാണ്. ആരോഗ്യ വകുപ്പിനോടൊപ്പം ഭക്ഷ്യസുരക്ഷ വകുപ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍:

1. ചുമ, ശ്വാസതടസം എന്നീ രോഗങ്ങളുള്ളവർ ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കുക.
2. ഭക്ഷ്യോല്‍പാദന വിതരണ സ്ഥാപനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ അണുനാശിനി കൊണ്ട് വൃത്തിയാക്കേണ്ടതാണ്.
3. ഭക്ഷ്യോല്‍പാദന വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാസ്‌ക്, ഹെയര്‍ നെറ്റ് എന്നിവ ധരിക്കേണ്ടതാണ്.
4. വൃത്തിയാക്കിയ പാത്രങ്ങളും ഗ്ലാസുകളും മാത്രം ഉപയോഗിക്കുക.
5. നേര്‍പ്പിക്കാത്ത സോപ്പ് ലായനി/സോപ്പ് നിര്‍ബന്ധമായും ഹോട്ടലുകളിലെ കൈ കഴുകുന്ന സ്ഥലങ്ങളില്‍ സൂക്ഷിക്കേണ്ടതാണ്.
6. ഉപയോഗിക്കുന്ന സോപ്പ്, ഹാന്റ് സാനിറ്റൈസര്‍ എന്നിവ നിശ്ചിത ഗുണനിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തുക.
7. ക്യാഷ് കൗണ്ടറില്‍ പണം കൈകാര്യം ചെയ്യുന്നവര്‍ ആഹാര പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുക.
8. ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ വഴി കോവിഡ് 19 പകരുമെന്നത് ശരിയല്ല.
9. പാല്‍, മുട്ട, ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകം ചെയ്ത് ഉപയോഗിക്കുക.
10. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശുദ്ധമായ വെളളത്തില്‍ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.
11. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അണുവിമുക്ത പ്രതലങ്ങളില്‍ സൂക്ഷിക്കുക.

Previous ArticleNext Article