Kerala, News

കൊവിഡ് 19;നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; ആരോഗ്യമന്ത്രി ശൈലജയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്

keralanews covid 19 decision to cut short assembly session

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി.കാര്യോപദേശക സമിതിയാണ് തീരുമാനം എടുത്തത്. ഇതോടെ ഏപ്രില്‍ എട്ട് വരെ നടത്താനിരുന്ന സമ്മേളനം ഇന്ന് അവസാനിക്കും. എന്നാല്‍ സഭാനടപടികള്‍ വെട്ടിചുരുക്കുന്നതില്‍ പ്രതിപക്ഷം ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചു. സഭാ സമ്മേളനം വെട്ടിച്ചുരുക്കുമെന്നത് അനാവശ്യ ഭീതിയുണ്ടാക്കുമെന്നാണ് പ്രതിപക്ഷ വാദം.സമ്മേളനം വെട്ടിച്ചുരുക്കാനുള്ള നടപടിയില്‍ സഭയിലും പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.കാര്യോപദേശക സമിതിയില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് കൊവിഡ് ജാഗ്രതയില്‍ നില്‍ക്കുന്ന സമയത്ത് നിയമസഭാ സമ്മേളനവുമായി മുന്നോട്ടുപോകുന്നത് ശരിയല്ല എന്നായിരുന്നു. എന്നാല്‍ രാജ്യസഭയും ലോക്‌സഭയും തുടരുന്നുണ്ട്, വിവിധ നിയമസഭകള്‍ ചേരുന്നുണ്ട്. അതിനാല്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടതില്ലെന്നായിരുന്നു പ്രതിപക്ഷം നിലപാടെടുത്തത്.വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥനയില്‍ വിശദമായ ചര്‍ച്ച നടക്കേണ്ടതുണ്ട്. ഈ സര്‍ക്കാരിന്റെ അവസാനത്തേതാണ് ഇത്തരമൊരു ചര്‍ച്ച.ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് എന്ന ആക്ഷേപമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്.ഇത് സംബന്ധിച്ച്‌ പ്രതിപക്ഷം സ്പീക്കര്‍ക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. അതേസമയം, കൊറോണ വൈറസുമായി ബന്ധപ്പെട്ട് സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാട്ടി ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി.ഇറ്റലിയില്‍ നിന്ന് വരുന്നരെ നിരീക്ഷിക്കണമെന്ന് കാട്ടി മാര്‍ച്ച്‌ മൂന്നിനാണ് കേന്ദ്രം നോട്ടീസ് നല്‍കിയതെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഫെബ്രുവരി 26ന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നെന്ന് കാട്ടിയാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. പി.ടി തോമസാണ് ആരോഗ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്.

Previous ArticleNext Article