തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.നാല് പേര്‍ രോഗമുക്തരായി. കേരളത്തിലെ ആദ്യ കോവിഡ് മരണത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. അറുപത്തൊമ്പതുകാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് കേരളത്തില്‍ മരിച്ചത്. കേരളത്തിലെ ആദ്യത്തെ കോവിഡ് മരണമാണിത്.സമൂഹവ്യാപനം ഉണ്ടോയെന്ന് പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 165 പേരാണ്. 1,34,370 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷ മാറ്റിവച്ചതായി മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് പത്രവിതരണം അവശ്യ സര്‍വീസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സംസ്ഥാനത്തെ ചില റസിഡന്റ് അസോസിയേഷനുകള്‍ പത്രവിതരണം വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.അത് അവസാനിപ്പിക്കണം.പത്ര വിതരണം അവശ്യ സാധനങ്ങളുടെ പട്ടികയിലാണെന്നും അവശ്യ തടസ്സപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.കമ്യൂണിറ്റി കിച്ചണുകളിൽ ആവശ്യമായവർക്കു പുറമേ ആൾക്കൂട്ടം കാണുന്ന സാഹചര്യമുണ്ട്.ചിലർ പടമെടുക്കാൻ മാത്രം പോകുന്നുണ്ട്. കിച്ചണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മാത്രം അവിടെ പോയാൽ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. 1059 കമ്മ്യൂണിറ്റി കിച്ചണുകൾ ഇതുവരെ ആരംഭിച്ചു. 52,480 പേർക്ക് കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം നൽകി. നാട്ടുകാരെ ഏത്തമിടീച്ച കണ്ണൂര്‍ എസ്.പിയുടെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു.അഴീക്കലില്‍ ഒരു കടയ്ക്കു മുന്നില്‍ വച്ച് മൂന്നുപേരെ പരസ്യമായി ഏത്തമിടീച്ച നടപടിയാണ് വിമര്‍ശനത്തിനിടയാക്കിയത്.എസ്.പിയുടെ നടപടിയില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും പൊലീസിന്റെ യശസ്സിന് കളങ്കമേല്‍പ്പിക്കുന്നതാണ് എസ്പിയുടെ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, നടപടിയെ ന്യായീകരിച്ച് എസ് പി യതീഷ് ചന്ദ്ര സ്വകാര്യചാനലിലൂടെ രംഗത്തെത്തി. ആളുകള്‍ പറഞ്ഞത് കേള്‍ക്കാത്തതിനാലാണ് ഇത്തരത്തില്‍ ചെയ്തതെന്നും അടിക്കാന്‍ പറ്റാത്തതിനാലാണ് ഇത്തരം മാര്‍ഗം സ്വീകരിച്ചതെന്നുമായിരുന്നു യതീശ് ചന്ദ്രയുടെ മറുപടി.