Kerala, News

സംസ്ഥാനത്ത് കോവാക്സിൻ വിതരണം തുടങ്ങി

keralanews covaxin distribution started in the state

തിരുവനന്തപുരം:വിവാദമുയര്‍ന്ന ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സീനായ കോവാക്സീന്‍ സംസ്ഥാനത്തും വിതരണം തുടങ്ങി.പരീക്ഷണം പൂര്‍ത്തിയാകും മുമ്പ് വിതരണം ആരംഭിച്ചതിനെ തുടര്‍ന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്സിന്‍ വിവാദത്തിലായത്. ഫലപ്രാപ്തി പൂര്‍ണമായും തെളിയിക്കപ്പെടാത്ത വാക്സിന്‍ വിതരണം ചെയ്യേണ്ടതില്ലെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെ നിലപാട്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ് വാക്സീനാണ് കേരളത്തിൽ ഇതുവരെ നല്കിയത്.മുന്‍നിര പ്രവര്‍ത്തകരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവാക്സീന്‍ വിതരണം ചെയ്തത്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഷീല്‍ഡ് വാക്‌സീന്‍ തന്നെയാവും നല്‍കുക. കൊവാക്സിന്‍ സുരക്ഷിതമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റയും വാക്സിന്‍ നിര്‍മാതാക്കളുടെയും വാദം. ഡല്‍ഹി ഉള്‍പ്പെടെ മറ്റ് പല സംസ്ഥാനങ്ങളിലും കൊവാക്സിന്‍ വിതരണം ചെയ്യുന്നുണ്ട്. രണ്ട് വാക്സിനുകളും നല്‍കണമെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. പൊലീസ് ഉള്‍പ്പെടെ കൊവിഡ് മുന്നണി പോരാളികള്‍ക്ക് കൊവാക്സിന്‍ വിതരണം ചെയ്യും. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കൊവിഷീല്‍ഡ് വിതരണം തുടരും. ബാക്കിയുള്ള കൊവിഷീല്‍ഡ് തിരിച്ചെടുക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടു.സമ്മത പത്രം വാങ്ങിയാണ് കൊവാക്സിന്‍ കുത്തിവെപ്പ് എടുക്കുക. കൊവാക്സിന്‍ കുത്തിവെപ്പ് എടുക്കുന്നവരോട് പരീക്ഷണം നടക്കുന്ന വാക്സിനാണെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഒരാഴ്ചത്തെ ആരോഗ്യ അവസ്ഥകള്‍ രേഖപ്പെടുത്താനുള്ള ഫോമും നല്‍കും. കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഈ നടപടിക്രമമില്ല.ബ്രിട്ടണിലെ ഓക്‌സ്ഫര്‍ഡ് സര്‍വ്വകലാശാലയും പൂനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച കോവിഷില്‍ഡ് വാക്‌സീനും ഭാരത് ബയോടെക്കിന്റെ കോവാക്‌സീനുമാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.

Previous ArticleNext Article