Kerala, News

ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്

keralanews court verdict on bail application of sivasankar today

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കര്‍ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണ്. കള്ളക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ തനിക്കു മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഇതിന് വഴങ്ങാത്തതു കൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും ഇന്നലെ ശിവശങ്കര്‍ രേഖാമൂലം നല്‍കിയ വാദത്തില്‍ പറയുന്നു.കള്ളക്കടത്തില്‍ ഒരു ബന്ധവുമില്ല. നയതന്ത്ര ബാഗ് വിട്ടു കൊടുക്കാന്‍ ഒരു കസ്റ്റംസ് ഓഫീസറെയും വിളിച്ചിട്ടില്ല. കസ്റ്റംസ് ഓഫീസറുടെ പേര് എ‍ന്‍ഫോഴ്സ്മെന്റെ പുറത്ത് വിടാത്തതും ഇത് കൊണ്ട് തന്നെയെന്ന് ശിവശങ്കര്‍ ആരോപിക്കുന്നു. സ്വപ്നയുമായും കുടുംബവുമായും അടുപ്പമുണ്ടായിരുന്നു. സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ അറിയില്ല. സംസ്ഥാനത്തെ ഭരണത്തലവനുമായി അടുപ്പമുള്ള പദവിയിലിരുന്നതിനാല്‍ കേസിലേക്ക് വലിച്ചിഴച്ചെന്നും,രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ കുടുക്കുന്നതെന്നുമാണ് ശിവശങ്കറിന്റെ ആരോപണം.ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ 26 വരെ ശിവശങ്കറിന് ജയിലില്‍ കഴിയേണ്ടിവരും.ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് സംഘം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും.കോഴപ്പണം നല്‍കാന്‍ സന്തോഷ് ഈപ്പന്‍ അനധികൃതമായി ഡോളര്‍ വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ട്,ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരെ ഇന്ന് വിജിലന്‍സ് ചെയ്യും.അതേസമയം, ഇന്നലെ കാക്കനാട് ജയിലിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് എന്നീ കേസുകളില്‍ ശിവശങ്കറിനെ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായായിരുന്നു ചോദ്യം ചെയ്യൽ. രണ്ടുകേസിലും പ്രതിചേര്‍ക്കാന്‍ അനുമതി ലഭിച്ചാലുടന്‍ അറസ്റ്റിലേക്ക് കടക്കുമെന്നാണ് സൂചന.ശിവശങ്കറിനെ ചോദ്യം ചെയ്യാനായി ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ എത്തി നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു.നയതന്ത്ര ബാഗ് വിട്ടുനല്‍കാനായി ശിവശങ്കര്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചത് സംബന്ധിച്ചും കസ്റ്റംസ് ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്.

Previous ArticleNext Article