Kerala, News

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസ് കോടതി ഇന്ന് പരിഗണിക്കും; സി രാജേന്ദ്രന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

keralanews court to hear case of murder of tribal youth in attappady today c rajendran special public prosecutor

കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസ് മണ്ണാര്‍ക്കാട് എസ് സി-എസ് ടി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.കേസില്‍ സര്‍ക്കാര്‍ പുതിയതായി നിയോഗിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. രാജേന്ദ്രന്‍ കോടതിയില്‍ ഹാജരാകും.മധു കൊല്ലപ്പെട്ടിട്ട് നാലു വര്‍ഷമായിട്ടും വിചാരണ നടപടികള്‍ വൈകുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പുറമെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വിടി രഘുനാഥ് ഒഴിയാന്‍ ശ്രമിച്ച്‌ കേസില്‍ ഹാജരാകാതെ വന്നതും വിവാദമായി.തുടര്‍ന്നാണ് മധുവിന്റെ കുടുംബത്തിന്റെ നിര്‍ദ്ദേശപ്രകാരം ഹൈക്കോടതി അഭിഭാഷകനായ സി രാജേന്ദ്രനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പാലക്കാട്ടെ അഭിഭാഷകന്‍ രാജേഷ് എം മേനോനാണ് അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.ഇരുവരും ഇന്ന് കോടതിയില്‍ ഹാജരാകും. കേസില്‍ 16 പ്രതികളാണുള്ളത്. മധു കേസ് മാര്‍ച്ച്‌ 26ന് പരിഗണിക്കുമെന്നായിരുന്നു മുന്‍പ് നിശ്ചയിച്ചിരുന്നത്.എന്നാല്‍ ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് വിചാരണ നടപടികള്‍ നേരത്തെയാക്കുകയായിരുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടമര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. മുക്കാലി പൊട്ടിക്കല്‍ ഗുഹയില്‍ കഴിഞ്ഞിരുന്ന മധു 2018 ഫെബ്രുവരി 22 നാണ് ആള്‍ക്കൂട്ടത്തിന്റെ വിചാരണയ്ക്കും മര്‍ദനത്തിനും ഇരയായത്.

Previous ArticleNext Article