കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് വീണ്ടും തിരിച്ചടി. ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ തെളിവുകള്‍ പരിശോധിക്കാമെന്നും കോടതി അറിയിച്ചു.അന്വേഷണത്തിനിടെ സാക്ഷികളില്‍ നിന്നും മറ്റ് പ്രതികളില്‍ നിന്നും ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. മറ്റ് പ്രതികളുടെയും സാക്ഷികളുടെയും മൊബൈല്‍, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയില്‍ പകര്‍ത്തിയിരുന്ന തെളിവുകളുടെ പകര്‍പ്പാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്.കേസിലെ മുഴുവന്‍ രേഖകളും നല്‍കാതെ നീതിപൂര്‍വ്വമായ വിചാരണ സാധ്യമല്ലെന്ന് ദിലീപ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.തികച്ചും സ്വകാര്യമായ ഈ തെളിവുകള്‍ ദിലീപിന് കൈമാറിയാല്‍ അത് സാക്ഷികളെ സ്വാധീനിക്കാനോ ബ്ലാക്ക്മെയിൽ ചെയ്യാനോ ഉപയോഗിച്ചേക്കാം.അതിനാല്‍ യാതൊരു കാരണവശാലും ഈ തെളിവുകള്‍ ദിലീപിന് കൈമാറരുതെന്നായിരുന്നു പ്രൊസിക്യൂഷന് വാദം. നല്കാന് കഴിയുന്ന എല്ലാ രേഖകളും ദിലീപിന് നല്കി കഴിഞ്ഞുവെന്നും സാധ്യമായ മുഴുവൻ രേഖകളും നല്‍കാമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.