തിരുവനന്തപുരം:ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍വകക്ഷി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍വിധിയോടെയല്ല പെരുമാറുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് സുപ്രീംകോടതിയുടെ വിധി എന്താണോ അത് നടപ്പിലാക്കുക എന്നത് മാത്രമാണ് ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുക. നാളെ ഒരവസരത്തില്‍ യുവതികള്‍ പ്രവേശിക്കേണ്ട എന്ന കോടതി വിധി വന്നാൽ ആ വിധിയാകും സര്‍ക്കാര്‍ നടപ്പാക്കുക എന്നും ഇതില്‍ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല-മകരവിളക്ക് തീർത്ഥാടനങ്ങൾക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് എല്ലാസംരക്ഷണവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.