പാലക്കാട്:അട്ടപ്പാടി മഞ്ചക്കണ്ടി ഉൾവനത്തിൽ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്ന നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാമെന്ന് കോടതി.പാലക്കാട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്.സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പൊലീസ് പാലിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണോ എന്ന് പൊലീസിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം മണിവാസകത്തിന്‍റെ മൃതദേഹം മാത്രമാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാതെ, ആരും ഏറ്റെടുക്കാനില്ലാത്ത വിഭാഗത്തില്‍പ്പെടുത്തി സംസ്കരിക്കാനാണ് പൊലീസിന്‍റെ ഉദ്ദേശ്യമെന്ന് മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക ആരോപിച്ചു.എന്നാല്‍ സംസ്കാരം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയില്‍ അപേക്ഷ നല്‍കി. ഇന്നത്തെ കോടതി ഉത്തരവ് ലഭിച്ചതിന് ശേഷം റീ പോസ്റ്റ്മോര്‍ട്ടത്തിനായി ഹൈക്കോടതിയെ സമീപിക്കാനുള്ള സാവകാശം നല്‍കണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കിയെന്ന് അഭിഭാഷക പറഞ്ഞു.