കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേ അപേക്ഷ നല്‍കിയ കസ്റ്റംസിനെതിരെ രൂക്ഷ വിമർശനവുമായി അഡീഷണല്‍ സിജെഎം കോടതി.കുറ്റം എന്തെന്ന് പോലും പറയാത്ത കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിനെ ‘മാധവന്‍ നായരുടെ മകന്‍ ശിവശങ്കര്‍’ എന്ന് മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ശിവശങ്കറിനെ പേടിയാണോ എന്നും, പ്രതി വഹിച്ചിരുന്ന ഉന്നതമായ പദവികളെന്ത് എന്ന് അറിയാഞ്ഞിട്ടാണോ എഴുതാത്തതെന്നും കോടതി ചോദിച്ചു.കേസില്‍ മറ്റെല്ലാ ഏജന്‍സികളും നടപടികളെടുത്ത ശേഷം പതിനൊന്നാം മണിക്കൂറിലാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. പതിനൊന്നാം മണിക്കൂറില്‍ എന്തിനാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്? ഇതിന് പ്രേരിപ്പിച്ച ഘടകമെന്ത്? നിങ്ങള്‍ തന്നെയല്ലേ ശിവശങ്കറിന്‍റെ ഫോണ്‍ പിടിച്ചെടുത്തത്? – കോടതി ചോദിച്ചു.ശിവശങ്കറിനെ എന്തിന് ചോദ്യം ചെയ്യണം എന്ന് പോലും കസ്റ്റംസ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നില്ല. പതിവ് ശൈലിയിലുള്ള കസ്റ്റഡി അപേക്ഷ മാത്രമാണിതെന്നും കോടതി പറയുന്നു.കസ്റ്റംസിനെതിരെ കടുത്ത വിമര്‍ശനം നടത്തിയ ശേഷമാണ് കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി പ്രസ്താവിച്ചത്.വിധിയില്‍ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്നും, മുന്‍ ഐടി സെക്രട്ടറിയെന്നും പ്രത്യേകം പരാമര്‍ശിക്കുന്നു. ശിവശങ്കറിന്‍റെ ഔദ്യോഗിക പദവികളെ കുറിച്ചുള്ള കസ്റ്റംസിന്റെ മൗനം കോടതി വിധിയില്‍ രേഖപ്പെടുത്തി.കള്ളക്കടത്തില്‍ എങ്ങനെയാണ് ശിവശങ്കര്‍ ഒത്താശ ചെയ്തതെന്നും കസ്റ്റഡി അപേക്ഷയില്‍ കസ്റ്റംസ് പറയുന്നില്ലെന്ന് പറഞ്ഞ കോടതി, പക്ഷേ, ശിവശങ്കറിനെതിരെ ആരോപിക്കുന്ന കുറ്റം അതീവഗൗരവതരം തന്നെയാണെന്ന് നിരീക്ഷിച്ചു. ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണ് ഇത്. കുറ്റകൃത്യം ആരോപിക്കപ്പെടുന്ന സമയം ശിവശങ്കര്‍ ഉന്നത പദവികളിലായിരുന്നു. അധികാര ദുര്‍വിനിയോഗം നടത്തിയോ എന്ന് കസ്റ്റംസ് തെളിയിക്കേണ്ടതുണ്ട്. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരെയും കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ 5 ദിവസത്തെ കസ്റ്റഡി അനുവദിക്കുന്നുവെന്നും കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.