റാന്നി: ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി.ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധം നടത്തിയ കേസിലാണ് രാഹുൽ അറസ്റ്റിലായത്.തുടർന്ന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.എന്നാൽ ജാമ്യവ്യവസ്ഥയിലെ ഉപാധികൾ പാലിക്കാത്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.രാഹുലിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.പമ്ബ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് പോലീസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം റദ്ദാക്കിയത്.രണ്ടാഴ്ചയിൽ ഒരിക്കൽ സ്റ്റേഷനിൽ ഹാജരാകണം,അന്വേഷണവുമായി സഹകരിക്കണം,നിലയ്ക്കൽ,പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവേശിക്കരുത് തുടങ്ങിയവയായിരുന്നു ജാമ്യവ്യവസ്ഥയിലെ ഉപാധികൾ. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തത്.സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരവുമില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.ഇതിനായി ഇരുപതോളം പേര്‍ തയ്യാറായി നിന്നിരുന്നു എന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കലാപത്തിന് ആഹ്വാനം നല്‍കിയതിന് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുക്കുകയായിരുന്നു.