ജെനീവ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ആഗോള അടിയന്തരാവസ്ഥ ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു.ആരോഗ്യ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് വൈറസ് പടരുന്നത് അതീവ ഗുരുതര സാഹര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 9171 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ഇതില്‍ 213 പേര്‍ മരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇത് കൂടാതെ 102,000 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു.എല്ലാ രാജ്യങ്ങളും പരമാവധി വിഭവങ്ങൾ സമാഹരിച്ച് കൊറോണ പ്രതിരോധ നടപടികൾ ശക്തമാക്കണം. അവികസിത രാജ്യങ്ങൾക്ക് സാധ്യമായ പിന്തുണ നൽകാൻ ലോകബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികളും സമ്പന്ന രാജ്യങ്ങൾ തയാറാകണം. രോഗനിർണയം, മുൻകരുതൽ നടപടികൾ, ചികിൽസാ സൗകര്യം എന്നിവക്കായി വ്യക്തമായ പദ്ധതി ആവിഷ്കരിക്കാനും മുഴുവൻ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന നിർദേശിച്ചു.യു.എന്നിനു കീഴിലുള്ള ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ ഇതോടെ അംഗരാജ്യങ്ങൾ നിർബന്ധിതമാകും.ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നതാണ്. എന്നാൽ ചൈനയിൽ മാത്രം ആശങ്ക പരിമിതപ്പെടുത്തിയാൽ മതിയെന്നായിരുന്നു തീരുമാനം.ചൈനയിൽ നിന്നല്ലാതെ അമേരിക്കയിൽ തന്നെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കൊറോണ പകർന്ന സംഭവം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.