India, International, News

ആശങ്കയുയർത്തി ചൈനയിൽ കൊറോണ വൈറസ് പടരുന്നു;ലോകമെങ്ങും പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്;പ്രധാന വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കാൻ നിര്‍ദേശം

keralanews corona virus is spreading in china world health organization has warned that it is likely to spread worldwide directions to strengthen surveillance at major airports

ന്യൂഡൽഹി:ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്നു പിടിച്ച ന്യൂമോണിയയ്ക്കു കാരണം പുതിയ ഇനം കൊറോണ വൈറസ് ആണെന്ന് കണ്ടെത്തൽ.ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.വൈറസ് ലോകമെമ്പാടും കത്തിപ്പടരാൻ സാധ്യതയുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടർന്ന് പ്രധാന വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിക്കഴിഞ്ഞു.ഇതിന്റെ ആദ്യപടി എന്നോണം ഹോങ്കോങ്, ചൈന എന്നിവിടങ്ങളില്‍ നിന്നും അയല്‍രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ നിരീക്ഷിക്കാനാണ് ആലോചന. ഇതിനു മുന്നോടിയായി അധികൃതര്‍ ലോകാരോഗ്യ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.വുഹാനിലെ മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്കാണ് ആദ്യം വൈറസ് ബാധയുണ്ടായത്.പിന്നീട് രോഗബാധിതരായവര്‍ ആ മാര്‍ക്കറ്റിലെ സന്ദര്‍ശകരായിരുന്നുവെന്നാണു കണ്ടെത്തല്‍. അവിടെ വില്‍പനയ്‌ക്കെത്തിച്ച മൃഗങ്ങളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നു കരുതുന്നു.പനിയും ശ്വാസതടസവുമാണു പ്രധാന രോഗലക്ഷണങ്ങള്‍.മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരുന്ന വൈറസ് നിലവില്‍ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടില്ല.മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ പുതിയ വൈറസിനെതിരെ ലോകമെങ്ങുമുള്ള ആശുപത്രികള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നു ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചതായി എമേര്‍ജിങ് ഡിസീസ് വിഭാഗത്തിന്റെ ചുമതലയുള്ള മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.

Previous ArticleNext Article