പത്തനംതിട്ട:ജില്ലയിൽ കൊറോണ വൈറസ് സ്ഥിതീകരിച്ച പശ്ചാത്തലത്തിൽ കർശന നടപടികളുമായി ജില്ലാ ഭരണകൂടം.ജില്ലയിലെ എല്‍.പി, യുപി സ്കൂളുകള്‍ രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടും. വിവാഹച്ചടങ്ങുകള്‍ മാറ്റിവെയ്ക്കാനും നിർദേശമുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഒഴിവാക്കണം. ക്ഷേത്രോത്സവങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി.അന്നദാനത്തിനും സമൂഹ സദ്യയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി.സ്കൂള്‍ വാര്‍ഷികങ്ങള്‍ നടത്തരുതെന്നും നിർദേശമുണ്ട്. ഓമല്ലൂര്‍ വയല്‍ വാണിഭം റദ്ദാക്കും.ശവസംസ്ക്കാര ചടങ്ങുകളില്‍ ആളുകളെ കുറയ്ക്കണം. ജില്ലാ കോടതിയിലെ കേസ് നടപടികളും നിര്‍ത്തിവെച്ചു.അതേസമയം ജില്ലയിൽ കൂടുതല്‍ പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഐസലേഷന്‍ വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ അടുത്ത ബന്ധുക്കളെ വീട്ടില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.കോവിഡ് 19 ബാധിച്ചവരുമായി നേരിട്ട ബന്ധപ്പെട്ട 150 പേരുടെ പ്രൈമറി ലിസ്റ്റ് ജില്ല ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ട 10 പേരെയാണ് പുതിയതായി ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു നടപടി.രോഗ ബാധിതരായവര്‍ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള നടപടികള്‍ ശക്തമായി തന്നെ തുടരുകയാണ്.നിലവില്‍ 9 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗബാധിതരായവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റും.