കണ്ണൂര്‍:കൊറോണ വൈറസ് ഭീതിയെ തുടർന്ന് വിദേശികള്‍ക്കു ഭക്ഷണം പോലും ലഭിച്ചില്ലെന്ന് പരാതി.ഫ്രാന്‍സില്‍ നിന്നെത്തിയ സലീനയും ഇറ്റലിയില്‍ നിന്നെത്തിയ മൗറയുമാണു പയ്യന്നൂരില്‍ പട്ടിണിമൂലം വലഞ്ഞത്.ഇവരില്‍ ഒരാള്‍ ജനുവരി 23-നും രണ്ടാമത്തെയാള്‍ മാര്‍ച്ച് മൂന്നിനുമാണ് ഇന്ത്യയിലെത്തിയത്. മുംബൈയിലും ഗോവയിലും മധുരയിലുമൊക്കെ യാത്ര ചെയ്ത് 11-ന് കണ്ണൂരില്‍ എത്തിയ ഇവര്‍ക്കു ഹോട്ടലുകളിലും ലോഡ്ജുകളിലും മുറി കിട്ടിയില്ല. ഞായറാഴ്ച ഉച്ചയ്ക്ക് പയ്യന്നൂരില്‍ തീവണ്ടിയിറങ്ങിയ ഇവരെ കയറ്റാൻ സ്റ്റേഷനിലുണ്ടായിരുന്ന ഓട്ടോറിക്ഷകളും മറ്റ് വാഹനങ്ങളും വിസമ്മതിച്ചു.ഇതേത്തുടര്‍ന്നു കാല്‍നടയായി നഗരത്തിലെത്തിയ ഇവര്‍ക്കു ഭക്ഷണവും താമസ സൗകര്യങ്ങളും നല്‍കാനും ആരും തയാറായില്ല. ഇവര്‍ പയ്യന്നൂരിലും പരിസരങ്ങളിലും ചുറ്റിത്തിരിയുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്.ആദ്യം പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മൂന്നു ദിവസമായി തങ്ങള്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഇവര്‍ ഡ്യൂട്ടി ഡോക്ടറോടു പറഞ്ഞു. ഇതേതുടര്‍ന്ന് പോലീസും ആശുപത്രിയധികൃതരും ചേര്‍ന്ന് ഇവര്‍ക്കു പഴ വര്‍ഗങ്ങളും മറ്റും വാങ്ങി നല്‍കി.പിന്നീടാണ് ഇവരെ തലശേരി ആശുപത്രിയിലേക്കു മാറ്റിയത്.ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നുമില്ല.