Kerala, News

കൊറോണ വൈറസ്;ചൈനയിൽ നിന്നും കണ്ണൂരിലെത്തിയ അഞ്ചംഗ കുടുംബം നിരീക്ഷണത്തിൽ;ചൈനയിൽ മരണം 80 ആയി

keralanews corona virus family arrives in kannur from china under observation and death toll in china rises to 80

കണ്ണൂർ:ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം.ചൈനയില്‍ നിന്നും നാട്ടിലെത്തിയ കണ്ണൂർ ജില്ലയിലെ പേരാവൂര്‍ സ്വദേശികളായ അ‍ഞ്ചുപേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. 28 ദിവസത്തേക്ക് പൊതുപരിപാടികളില്‍ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ലെന്നാണ് ഉന്നത ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം.കഴിഞ്ഞദിവസമാണ് ചൈനയില്‍ നിന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് വഴി ഇവർ കേരളത്തിലെത്തിയത്. വെള്ളിയാഴ്ച നാട്ടിലെത്തിയ ഇവര്‍ക്ക് കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ നിന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നോ എന്ന് വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ അധികൃതര്‍ പേരാവൂരിലെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്കിയത്. നാട്ടിലെത്തിയ ശേഷം മറ്റൊരിടത്തേക്ക് പോയതിനാല്‍ ഈ കുടുംബത്തെ നേരിട്ട് കാണാനും ബോധവല്‍ക്കരിക്കാനും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് സൂചന.ഈ കുടുംബത്തെ കൂടാതെ പേരാവൂര്‍ സ്വദേശിയായ മറ്റൊരാളും ഒരാഴ്ച മുന്‍പ് ചൈനയില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. ഇദ്ദേഹത്തിനും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.അതേസമയം ചൈനയില്‍ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. 2744 പേര്‍ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ചൈനീസ് അധികൃതരുടേയും ലോകാരോഗ്യ സംഘടനയുടേയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌, അതിവേഗമാണ് ചൈനയില്‍ കോറോണാ വൈറസ് പടരുന്നത്.ഷാങ്ഹായ് നഗരത്തിലും കൊറോണാ മരണം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്‍റ് ഷീ ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി.

Previous ArticleNext Article