കണ്ണൂർ:പെരിങ്ങോമിൽ കൊറോണ ബാധ സ്ഥിരീകരിച്ചയാളെ രോഗബാധ കണ്ടെത്തുന്നതിന് മുൻപ് പരിശോധിച്ച ഡോക്റ്ററെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച വൈകിട്ടാണ് ഡോക്ടറെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.ഡോക്ടര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം വ്യാപകമായതോടെയാണ് ജില്ലാ ആരോഗ്യവകുപ്പിന്‍റെ നടപടി. സമൂഹമാധ്യമങ്ങളില്‍ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുന്‍പ് പെരിങ്ങോം സ്വദേശിയായ യുവാവ് ഈ മാസം ഏഴാംതിയതിയാണ് കാങ്കോലിലെ ഡോക്ടറുടെ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തുന്നത് . ഡോക്ടര്‍ റഫര്‍ ചെയ്ത പ്രകാരം ഇയാളെ പിന്നീട് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി . എന്നാല്‍ ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന വ്യാജപ്രചരണം വ്യാപകമായതോടെ ആശങ്ക അകറ്റുന്നതിന് വേണ്ടി ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടറുടെ സ്രവം പരിശോധിച്ച് ഇന്ന് തന്നെ ഫലം ലഭ്യമാക്കി ആശങ്കയകറ്റുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.