International, News

കൊറോണ വൈറസ്;ചൈനയില്‍ മരണം 361 ആയി

keralanews corona virus death toll rises to 361 in china

ബെയ്‌ജിങ്‌:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 361 ആയി.ഇന്നലെ മാത്രം 57 പേരാണ് മരിച്ചത്. 2,829 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയര്‍ന്നു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്.ദിനംപ്രതി മരണസംഖ്യ ഉയരുന്നത് കണക്കിലെടുത്ത് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് അകലെയുള്ള മറ്റൊരു സുപ്രധാന നഗരംകൂടി ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ അടച്ചു. വുഹാനില്‍നിന്ന് 800 കിലോമീറ്റര്‍ മാറിയുള്ള കിഴക്കന്‍ നഗരമായ വെന്‍ഷൂവാണ് അടച്ചത്. ഷെജിയാങ് പ്രവിശ്യയിലെ 90 ലക്ഷത്തോളം ആളുകള്‍ കഴിയുന്ന നഗരമാണ് വെന്‍ഷൂ. അതേസമയം ഭീതി വിതച്ച്‌ കൊറോണ വൈറസ് ചൈനയില്‍ പടർന്ന്പിടിക്കുമ്പോൾ ആവശ്യത്തിന് മാസ്‌കുകളും മറ്റ് പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാന്‍ നഗരം ദുരിതത്തിലാണ്.കൊറോണ ബാധയുള്ളവരെ ചികിത്സിക്കുന്ന 7 ആശുപത്രികളാണ് വുഹാനിലുള്ളത്.ഇവിടെയെല്ലാം മെഡിക്കല്‍സാമഗ്രികള്‍ക്ക് ക്ഷാമം നേരിടുകയാണ്. എന്നാല്‍ കൊറോണ ബാധിതരെ ചികിത്സിക്കാത്ത ആശുപത്രികളില്‍ സാധനങ്ങള്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു.ജീവന്‍ പണയം വച്ച്‌ തങ്ങള്‍ ജോലി ചെയ്യുമ്പോഴും റെഡ് ക്രോസിന്റെ ഏകോപനമില്ലായ്മയും കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനവുമാണ് ഈ അവസ്ഥക്ക് കാരണമെന്ന ആരോപണമാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഉയര്‍ത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വസ്തുക്കള്‍ അര്‍ഹിക്കുന്ന കരങ്ങളിലെത്തിക്കാന്‍ റെഡ് ക്രോസിന് കഴിയുന്നില്ലെന്നും പരാതി ഉയരുന്നു.

Previous ArticleNext Article