ബെയ്‌ജിങ്:ചൈനയെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധിതരുടെ മരണസംഖ്യ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ബുധനാഴ്ച വുഹാനില്‍ 242 പേര്‍ കൂടി മരിച്ചതോടെ മരണനിരക്ക് 1350-ന് മുകളിലെത്തി. കൂടാതെ 14,840 പുതിയ കേസുകളില്‍ കൂടി സ്ഥിരീകരിച്ചതോടെ ചൈനയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 60,000 ആയി. ഇതില്‍ 48,000 കേസുകളില്‍ വുഹാനിലാണ്.ഇതിനിടെ കഴിഞ്ഞ ദിവസം ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ യോഗം കൊറോണ വൈറസിന് ഔദ്യോഗിക നാമകരണം നല്‍കിയിരുന്നു. ‘കൊവിഡ് 19’ എന്നാണ് പേര് നല്‍കിയത്.ഇതുവരെ 20 രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ട്. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലും ഷാംഗ്ഹായിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ഈ മാസം അവസാനത്തിലോ മധ്യത്തിലോ ആയി വൈറസ് ബാധ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് സാക്രമികരോഗ വിദഗ്ധന്‍ ഷോംഗ് നന്‍ഷാന്‍ പറഞ്ഞു. അതേസമയം, ജപ്പാനിലെ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലെ ഇന്ത്യന്‍ ജീവനക്കാര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. ഡയമണ്ട് പ്രിന്‍സ് എന്ന കപ്പലിലെ രണ്ട് ഇന്ത്യന്‍ ജീവനക്കാര്‍ക്കാണ് കൊറോണ സ്ഥീരികരിച്ചത്. ഇതോടെ കപ്പലില്‍ പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നവരില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 175 ആയി. കപ്പലില്‍ ആകെ 3,700 യാത്രക്കാരാണുള്ളത്.