ന്യൂഡൽഹി:കേരളത്തിൽ ഒരാൾക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചതായി റിപ്പോർട്ട്.ചൈനയില്‍ നിന്നെത്തിയ വ്യക്തിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. എന്നാല്‍ രോഗിയെക്കുറിച്ചോ മറ്റോ സൂചന ലഭിച്ചിട്ടില്ല.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. അതേസമയം കേരള ആരോഗ്യ വകുപ്പില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിക്കുതന്നെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.കൊറോണ ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1793 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.കൊറോണ ബാധിതയായ തൃശൂരിലെ വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നതും അശ്വാസം പകരുന്നതിനിടെയാണ് പുതിയ കൊറോണ വൈറസ് റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്. കൊറോണ ബാധിത മേഖലകളില്‍നിന്നുള്ള 322 പേര്‍ ഇതിനകം കേരളത്തില്‍ എത്തിച്ചേര്‍ന്നതായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ഇന്നലെ അറിയിച്ചിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.പുതിയ കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ രാവിലെ 10.30ന് മാധ്യമങ്ങളെ കാണും.