India, News

കൊറോണ;വിദേശത്ത് നിന്ന് വരുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍

keralanews corona the central government has changed the guidelines for foreigners

ന്യൂഡല്‍ഹി: വിദേശത്ത് നിന്നും രാജ്യത്ത് എത്തുന്നവർക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍.ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. എട്ടാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നതും പുതിയ മാര്‍ഗരേഖയില്‍ മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും.ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍, എട്ടാം ദിവസം ടെസ്റ്റ്, നെഗറ്റിവ് ആണെങ്കിലും ഏഴു ദിവസം കൂടി സ്വയം നിരീക്ഷണം എന്നിങ്ങനെയാണ് നിലവിലെ മാര്‍ഗരേഖയില്‍ പറയുന്നത്. ഇത് ഒഴിവാക്കി 14 ദിവസം സ്വയം നിരീക്ഷണം എന്നതു മാത്രമായി ചുരുക്കി. എയര്‍പോര്‍ട്ടില്‍ എത്തുന്ന ഓരോ വിമാനത്തിലെയും രണ്ടു ശതമാനം യാത്രക്കാരെ റാന്‍ഡം ചെക്കിങ്ങിനു വിധേയമാക്കും. ഇവര്‍ക്കു സാംപിള്‍ കൊടുത്തു വീടുകളിലേക്കു പോവാം.യാത്ര പുറപ്പടുന്നതിന് 72 മണിക്കൂര്‍ മുൻപ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് ഫലം അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ തുടരും. എന്നാല്‍ ഇതിനു പകരം വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താലും മതിയാവുമെന്ന് പുതിയ മാര്‍ഗരേഖ പുറത്തിറക്കിക്കൊണ്ട് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നതില്‍ ഇന്ത്യയുമായി പരസ്പര ധാരണയിലെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകള്‍ നല്‍കുന്ന രാജ്യങ്ങള്‍ക്കും ഇന്ത്യക്കാര്‍ക്ക് ക്വാറന്റൈന്‍ ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുമാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് റിസള്‍ട്ടിന് പകരം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ യാത്രചെയ്യാന്‍ അനുവാദമുള്ളത്. 82 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ ഫലം ഇനി നിര്‍ബന്ധമല്ലാത്തത്. എന്നാല്‍, യു.എ.ഇയും ചൈനയും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവിടെനിന്നുള്ളവര്‍ 72 മണിക്കൂറിനിടയിലുള്ള ആര്‍ടിപി.സി.ആര്‍ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യേണ്ടിവരും.വിദേശത്തുനിന്നെത്തുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ ലഭ്യമായ സത്യവാങ്മൂലം ഓണ്‍ലൈനായി പൂരിപ്പിച്ച്‌ നല്‍കണം. രണ്ടാഴ്ചത്തെ യാത്രാവിവരങ്ങളും വ്യക്തമാക്കണം.എയര്‍പോര്‍ട്ടില്‍ എത്തുമ്പോൾ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ആശുപത്രിയിലേക്കു മാറ്റും.അഞ്ചു വയസ്സില്‍ താഴെയുള്ളവരെ യാത്രയ്ക്കു മുൻപും ശേഷവുമുള്ള പരിശോധനയില്‍ നിന്ന ഒഴിവാക്കി. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഇവരും പരിശോധനയ്ക്കു വിധേയമാവണം.

Previous ArticleNext Article