തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയെ മുന്നറിയിപ്പിന്റെ അവസാന ഘട്ടമായ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി.ഇതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. തിയേറ്ററുകളും, ജിംനേഷ്യങ്ങളും, നീന്തൽക്കുളങ്ങളും അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈനായി നടത്തണം.ജില്ലയിൽ ഒരുതരത്തിലുള്ള സാമൂഹിക, സാമുദായിക രാഷ്‌ട്രീയ ഒത്തുചേരലുകളും പാടില്ലെന്നാണ് നിർദ്ദേശം. പത്ത്, പന്ത്രണ്ട് ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ അവസാനവർഷമൊഴികെ എല്ലാം ഓൺലൈനായി നടത്താനാണ് നിർദ്ദേശം. ട്യൂഷൻ ക്ലാസുകളും അനുവദിക്കില്ല. വിവാഹ മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് മാത്രം പങ്കെടുക്കാൻ സാധിക്കൂ. എന്നാൽ മാളുകളും ബാറുകളും അടയ്‌ക്കില്ല. അതേസമയം സംസ്ഥാനത്ത് സ്‌കൂളുകളിൽ ഹാജർ 40 ശതമാനത്തിൽ കുറവാണെങ്കിൽ അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്. പ്രധാനാദ്ധ്യാപകന് ഇക്കാര്യത്തിൽ തീരുമാനമെടുകാം. സെക്രട്ടറിയറ്റിൽ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുന്നതും പരിഗണിക്കുന്നുണ്ട്.