തിരുവനന്തപുരം:സംസ്ഥാനത്തെ കൊറോണ വ്യാപന സാഹചര്യം വിലയിരുത്താൻ അവലോകന യോഗം ഇന്ന് ചേരും.നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ഡൗൺ ഫലപ്രദമായോ എന്നാണ് യോഗം വിലയിരുത്തുക.ചികിത്സയ്ക്കായി അമേരിക്കയിൽ പോയ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ ഓൺലൈനായി പങ്കെടുക്കും.സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി നാൽപ്പതിനായിരത്തിൽ അധികമാണ് രോഗികൾ. കേരളത്തിൽ ഒമിക്രോൺ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലുകളും ശക്തമാണ്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യം വളരെയധികം ഗുരുതരമാണ്.ഇതിന്റെ പശ്ചാത്തലത്തിലാണ് അവലോകന യോഗം.ടിപിആര്‍ ഒഴിവാക്കി ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ നിയന്ത്രണം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ അവലോകന യോഗമാണ് ഇന്ന് ചേരുന്നത്. പുതിയ നിയന്ത്രണത്തിന് ശാസ്ത്രീയ പിന്‍ബലമില്ലെന്ന വിമര്‍ശനം ശക്തമാണ്.ഏറെ നാളുകള്‍ക്ക് ശേഷം ഏര്‍പെടുത്തിയ ഞായറാഴ്ച്ച നിയന്ത്രണം ഇന്നലെ സമ്പൂർണ്ണമായിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തും. അതേസമയം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത കുറവാണ്. ആൾക്കൂട്ടം ഒഴിവാക്കിക്കൊണ്ടുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാമെന്നാണ് വിലയിരുത്തൽ. രോഗ വ്യാപന തോത് ഉയരുമ്പോഴും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞു നില്‍ക്കുന്നതാണ് സര്‍ക്കാരിനുള്ള ഏക ആശ്വാസം. അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇടയിലും പൊലീസുകാര്‍ക്കിടയിലും രോഗവ്യാപനം രൂക്ഷമാകുന്നത് വെല്ലുവിളിയാണ്.