തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയുമായി വീണ്ടും കൂട്ട പരിശോധന നടത്താൻ തീരുമാനം.രണ്ട് ദിവസങ്ങളിലായി 3 ലക്ഷം പരിശോധനകൾ നടത്താനാണ് ലക്ഷ്യമിടുന്നത്.കഴിഞ്ഞ വെള്ളി ശനി ദിവസങ്ങളിലായി 3 ലക്ഷത്തിൽ അധികം സാമ്പിളുകളാണ് ശേഖരിച്ചത്. പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതിലൂടെ രോഗവ്യാപന തോത് എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ സാധിച്ചു. ഇന്നും നാളെയുമായി 3 ലക്ഷം സാമ്പിളുകൾ കൂടി പരിശോധിക്കാൻ ആണ് തീരുമാനം. പൊതു ജനങ്ങളുമായി ഏറ്റവും അടുത്തു ഇട പഴകുന്നവരിൽ നിന്നുമാകും സാമ്പിളുകൾ ശേഖരിക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ താമസിക്കുന്ന മുഴുവൻ ആളുകളെയും പരിശോധനകൾക്ക് വിധേയരാക്കും. ഇത്തരം പ്രദേശങ്ങളിലുള്ള വീടുകളിലെ എല്ലാവരേയും പരിശോധിക്കാനാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക.അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.ഓരോ ദിവസത്തെയും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിദിന കേസുകള്‍ 40000 മുതല്‍ അരലക്ഷം വരെ ഉയരാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് വിലയിരുത്തല്‍.ഇന്നലെ റെക്കോർഡ് വർധനവാണ് കേരളത്തിലെ പ്രതിദിന രോഗ ബാധിതരിൽ രേഖപ്പെടുത്തിയത്. 19577 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 17.45 ശതമാനം ടി പി ആറും രേഖപ്പെടുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിലേക്ക് എത്തിക്കുന്നത് ലക്ഷ്യം വച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആണ് സംസ്ഥാനം നേതൃത്വം നൽകുന്നത്.