Kerala, News

കൊറോണ വ്യാപനം രൂക്ഷം;കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തുന്നു

keralanews corona spread is severe central team will visit kerala

തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രത്യേക കേന്ദ്ര സംഘം വീണ്ടും കേരളത്തിലെത്തുന്നു.ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കേരളത്തിലേക്കുള്ള സംഘത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും ഇവരെ അയക്കും.കേരളത്തിലെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തലാണ് സംഘത്തിന്റെ ചുമതലയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡല്‍ഹി ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജിലേയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസിലെ വിദഗ്ധരും അടങ്ങുന്നതാണ് സംഘം.രാജ്യത്തെ കൊറോണ പ്രതിദിന കേസുകളില്‍ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ആകെ കേസുകളില്‍ മൂന്നാമതും നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുമാണ് കേരളം. തൊട്ടുപിന്നാലെ മഹാരാഷ്ട്രയുമുണ്ട്. കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ശ്രദ്ധ ഇപ്പോള്‍ കാണിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള ജില്ലയില്‍ എറണാകുളം ഒന്നാം സ്ഥാനത്താണ്. കേരളത്തിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും തുടര്‍ച്ചയായ ദിവസങ്ങളില്‍ എറണാകുളം ഒന്നാം സ്ഥാനത്താണ്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്തെ കൊറോണ ചികിത്സയിലുള്ള രോഗികളില്‍ 70 ശതമാനവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Previous ArticleNext Article