തിരുവനന്തപുരം:സംസ്ഥാനത്തെ കൊറോണ സാഹചര്യം അവലോകനം ചെയ്യാൻ ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് അടിയന്തിര യോഗം ചേരുംഓണത്തിന് പിന്നാലെ പ്രതിദിന രോഗനിരക്ക് ഉയർന്ന സാഹചര്യത്തിൽ കൊറോണ നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകുമോ എന്ന് ഇന്നറിയാം. ടിപിആർ നിരക്ക് 15 മുകളിൽ എത്തിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സാദ്ധ്യത.അതീവ ജാഗ്രത അടുത്ത നാലാഴ്ച സംസ്ഥാനത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഓണത്തിന് ഇളവുകൾ നൽകിയ സാഹചര്യത്തിൽ കൃത്യമായി കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് എല്ലായിടത്തും പാലിക്കപ്പെട്ടില്ല.രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ രണ്ടാം തരംഗം കുറയുമ്പോഴും കേരളത്തിൽ രോഗികളുടെ എണ്ണം ഉയർന്ന് തന്നെയാണ്. മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം കൂടുതൽ. സംസ്ഥാനത്തെ രോഗികളുടെ എണ്ണം കൂടുന്നതോടെ ആശുപത്രികളിൽ കിടക്കകളും ഐസിയുകളും അതിവേഗം നിറയുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെ ഇന്നു ചേരുന്ന യോഗത്തിൽ ചർച്ചയായേക്കും. അതീവ വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിന്റെ ഭീഷണി സംസ്ഥാനത്തെ പല പ്രദേശങ്ങളിലുമുണ്ട്. കൊറോണ മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗത്തിന് ശേഷം ഇന്ന് ചേരും.