തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ അടിയന്തര യോഗം ചേർന്നു. കൊറോണ, ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച സർവയലൻസ്, ഇൻഫ്രാസ്ടെക്ച്ചർ ആന്റ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, മെറ്റീരിയൽ മാനേജ്മെന്റ്, ട്രാൻസ്പോർട്ടേഷൻ ആന്റ് ഓക്സിജൻ, വാക്സിനേഷൻ മാനേജ്മെന്റ്, പോസ്റ്റ് കൊറോണ മാനേജ്മെന്റ് തുടങ്ങിയ 12 സംസ്ഥാനതല ആർആർടി കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.മതിയായ ജീവനക്കാരെ നിയോഗിച്ച് സമയബന്ധിതമായി പരിശോധനാ ഫലം ലഭ്യമാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. പരിശോധന അടിസ്ഥാനമാക്കി നിരീക്ഷണം ശക്തമാക്കും. ഹോസ്പിറ്റൽ സർവയലൻസ്, ട്രാവൽ സർവയലൻസ്, കമ്മ്യൂണിറ്റി സർവയലൻസ് എന്നിവയ്‌ക്ക് പ്രാധാന്യം നൽകും.സർവയലൻസ് കമ്മിറ്റിയുടെ ഭാഗമായുള്ള ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ശക്തിപ്പെടുത്തി. ആശുപത്രികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയാണ് ഈ കമ്മിറ്റിയുടെ പ്രധാന ദൗത്യം. സ്വകാര്യ ആശുപത്രികളെ കൂടി ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന കൊറോണ രോഗികളുടെ വാക്സിനേഷൻ അവസ്ഥ, ചികിത്സ, ഡിസ്ചാർജ് തുടങ്ങിയ കാര്യങ്ങളും ഈ കമ്മിറ്റി നിരീക്ഷിക്കും.ആശുപത്രികളിൽ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.സുരക്ഷാ ഉപകരണങ്ങൾക്കും മരുന്നുകൾക്കും ക്ഷാമമില്ല. ഓക്സിജൻ കരുതൽ ശേഖരമുണ്ടെങ്കിലും ഓക്സിജൻ സാഹചര്യം നിരന്തരം നിരീക്ഷിക്കും. കൂടുതൽ ആംബുലൻസ് സൗകര്യം സജ്ജമാക്കും.സംസ്ഥാനത്ത് വാക്സിൻ സ്റ്റോക്കുണ്ട്. പോസ്റ്റ് കൊറോണ മാനേജ്മെന്റ് ശക്തിപ്പെടുത്തും.ആശുപത്രി ജീവനക്കാർക്ക് കൊറോണ പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് വേഗത്തിൽ നൽകും. രോഗികളുടെ എണ്ണം കൂടിയതിനാൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതാണ്. കൊറോണ ഒപിയിൽ ദിവസവും 1200 ഓളം പേരാണ് ചികിത്സ തേടുന്നത്. കാത്തിരിപ്പ് സമയം ഒരു മിനിറ്റിൽ താഴെയാക്കും. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളെ ആർആർടി നിരന്തരം നിരീക്ഷിക്കും. സ്ഥിതിഗതികൾ ദിവസവും അവലോകനം ചെയ്യാനും മന്ത്രി നിർദ്ദേശം നൽകി.