തിരുവനന്തപുരം : സംസ്ഥാനത്തെ നിലവിലെ കൊറോണ സാഹചര്യം വിലയിരുത്തുന്നതിനും, ഇളവുകൾ സംബന്ധിച്ച ചർച്ചകൾക്കുമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് കൊറോണ അവലോകന യോഗം ചേരും. അവലോകന യോഗത്തിന് ശേഷം തീരുമാനങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കും.കൊറോണ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാനാണ് സാധ്യത.കൊറോണ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നത്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്. ബാറുകൾ തുറക്കുന്ന കാര്യത്തിലും ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. അതേസമയം ടിപിആർ 12 ശതമാനത്തിന് താഴെ എത്തിയ ശേഷം ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാൻ ആണ് സാധ്യത. ഹോട്ടലുകളിൽ അനുമതി നൽകിയാൽ കൂടുതൽ ആളുകൾ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം ഉണ്ടാകും. ഇത് വീണ്ടും രോഗ വ്യാപനത്തിന് വഴി വെക്കും എന്ന ആശങ്കയും സർക്കാരിന് ഉണ്ട്. ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾ തുറക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.സംസ്ഥാന മന്ത്രിസഭാ യോഗവും ഇന്ന് ചേരും. കൊറോണ സാഹചര്യങ്ങൾ ചർച്ച ചെയ്യും. ഭക്ഷ്യ കിറ്റ് നൽകുന്നത് തുടരണോ എന്നതിലും തീരുമാനമെടുത്തേക്കും എന്നാണ് വിവരം.