തിരുവനന്തപുരം:സംസ്ഥാനത്ത് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്.രോഗം ലക്ഷണം പുറമേക്ക് പ്രകടിപ്പിക്കാത്തവരില്‍ നിന്ന് രോഗം കണ്ടെത്തുന്നതിന് മുമ്പ് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ ഇടയുണ്ടെന്നതും ആശങ്ക വർധിപ്പിക്കുന്നു.ഈ സാഹചര്യത്തിൽ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെയെല്ലാം സ്രവം പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും അടുത്തിടപെട്ടവരുടെ സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനം. നിസാമുദ്ദീനിലെ തബ് ലീഗ് ആസ്ഥാനത്ത് പോയി തിരിച്ചെത്തിയ നാല് കോഴിക്കോട് സ്വദേശികളുടെ പരിശോധനാഫലം പോസിറ്റീവായിരുന്നു.ഇവര്‍ക്ക് ആര്‍ക്കും പ്രത്യക്ഷത്തില്‍ കോവിഡ് 19 രോഗലക്ഷണങ്ങളില്ല. രോഗം സ്ഥിരീകരിച്ചശേഷവും ഇത് തന്നെയാണ് സാഹചര്യം. സമാനമാണ് പത്തനംതിട്ടയിലെ വിദ്യാര്‍ത്ഥിനിയുടേയും അവസ്ഥ. ഡല്‍ഹിയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥിനി വീട്ടില്‍ നീരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് ഒന്നും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. ഡെല്‍ഹി ഹോട്ട്സ്പോട്ടായതിനാല്‍ ശ്രവം പരിശോധിച്ചപ്പോഴാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.എന്നാൽ ഇപ്പോഴും തൊണ്ടവേദനയോ പനിയോ അടക്കം രോഗലക്ഷണങ്ങളോ ഇല്ല.പ്രതിരോധ ശക്തി കൂടുതലുള്ള ഒരു വിഭാഗം ഇത്തരത്തില്‍ രോഗ ലക്ഷണങ്ങള്‍ പുറമേക്ക് കാട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. പക്ഷേ അപ്പോഴും ഇവരില്‍ രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പേ സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്ക് പടരാനിടയുണ്ട്. അതിനാല്‍ ഇത്തരം രോഗികളുമായി ഇടപഴകിയ എല്ലാവരുടേയും ശ്രവം പരിശോധനയ്ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.