ഇടുക്കി:ഇന്നലെ പുതുതായി ആറ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇടുക്കി ജില്ല അതീവ ജാഗ്രതയിൽ. ഏലപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം ആശങ്കയിലാണ്. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ട ആറ് പേരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രി താൽക്കാലികമായി അടച്ചുപൂട്ടി.ഏലപ്പാറയിൽ മൂന്നു ദിവസം മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ട മകനെയും അമ്മയെയും ചികിൽസിച്ചതിനെ തുടർന്നാണ് ഡോക്ടർക്കും രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്. ഏപ്രിൽ 15ന് ശേഷം ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തിയവരുടെ വിവരങ്ങൾ ജില്ലാ ഭരണകൂടം ശേഖരിച്ചു തുടങ്ങി.ഏലപ്പാറയിൽ ശനിയാഴ്ച ഡോക്ടർ പങ്കെടുത്ത അവലോകന യോഗത്തിൽ പങ്കെടുത്തവരുടെയും പേര് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.തമിഴ്നാട്ടിൽ നിന്ന് തിരിച്ചെത്തിയ അച്ഛനും ഏഴ് വയസുള്ള മകൾക്കുമാണ് വണ്ടിപ്പെരിയാറിൽ രോഗം സ്ഥിരീകരിച്ചത്. വണ്ടൻമേട്ടിൽ മലപ്പുറത്തു നിന്ന് എത്തിയ 24കാരനും ഇരട്ടയാറിൽ ജർമനിയിൽ നിന്ന് വന്ന വിദ്യാർത്ഥിക്കുമാണ് കോവിഡ് ബാധിച്ചത്. രണ്ട് പേരും നിരീക്ഷണ കാലാവധി പൂർത്തിയാക്കിയവരാണ്. ജില്ലയിൽ കോവിഡ് രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ള 10 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. ഏലപ്പാറ, വണ്ടൻമേട്, ഇരട്ടയാർ, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിൽ മെയ് 3 വരെ സമ്പൂർണ്ണ ലോക് ഡൗൺ ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.