India, News

കൊറോണ പ്രതിസന്ധി; 50,000 കോടിയുടെ വായ്പാപദ്ധതിയുമായി ആര്‍ബിഐ

keralanews corona crisis rbi with rs 50000 crore loan scheme

ന്യൂഡൽഹി:കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ പ്രതിസന്ധി നേരിടാന്‍ പുതിയ പ്രഖ്യാപനങ്ങളുമായി ആര്‍ബിഐ.രാജ്യത്ത് പണലഭ്യത ഉറപ്പാക്കാന്‍ 50,000 കോടി രൂപയുടെ പദ്ധതികളാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്. 2022 മാര്‍ച്ച് 31 വരെയാകും പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുക. ആശുപത്രികള്‍, ഓക്സിജന്‍ വിതരണക്കാര്‍, വാക്സിന്‍ ഇറക്കുമതിക്കാര്‍, കൊറോണ പ്രതിരോധ മരുന്നുകള്‍, കൊറോണയുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി മുന്‍ഗണനാ ക്രമത്തില്‍ ബാങ്കുകള്‍ വായ്പ അനുവദിക്കും. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് തിരിച്ച്‌ വരാനുള്ള ഇന്ത്യയുടെ കഴിവില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും കൈവശമുള്ള എല്ലാ വിഭവങ്ങളും ഉപയോഗിച്ച്‌ പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുമെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.ഇടത്തരം സൂക്ഷ്മ സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്റെ മൊത്തം കാലാവധി രണ്ട് വര്‍ഷം വരെ നീട്ടാന്‍ അനുവദിക്കും. 35,000 കോടി രൂപമൂല്യമുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ആര്‍ബിഐ വാങ്ങും. ഇതിലൂടെ സര്‍ക്കാരിന് കൂടുതല്‍ പണം ലഭിക്കും. ദീര്‍ഘകാല റിപ്പോ ഓപ്പറേഷന്‍ വഴി സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് 10,000 കോടി രൂപവരെ ലഭ്യമാക്കും. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് 500 കോടി രൂപ വരെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കും. ഇതിന് പുറമെ ജനങ്ങള്‍ക്കും വാണിജ്യ, വ്യാപാരമേഖലയ്ക്കും ഗുണകരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഉല്‍പാദന മേഖലയില്‍ നിലവില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. ഡിമാന്‍ഡ് വലിയ തകര്‍ച്ചയില്ലാതെ പിടിച്ച്‌ നില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ സാധാരണപോലെയുണ്ടാവുമെന്ന പ്രവചനം ഗ്രാമീണമേഖലയിലെ ഡിമാന്‍ഡില്‍ ഉണര്‍വുണ്ടാക്കുമെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ പറഞ്ഞു.പദ്ധതിക്കായി പ്രത്യേകമായി കോവിഡ് വായ്പ ബുക് ബാങ്കുകള്‍ സൂക്ഷിക്കണമെന്നും ആര്‍ ബി ഐ നിര്‍ദേശിച്ചു.

Previous ArticleNext Article