Kerala, News

സംസ്ഥാനത്ത് 7പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു;കാസര്‍കോട് ജില്ലക്കായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും

keralanews corona confirmed in 7 persons today and special action plan for kasarkode district

തിരുവനന്തപുരം:സംസ്ഥാനത്ത് 7പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.തിരുവനന്തപുരം, കാസർകോട് ജില്ലകളില്‍ രണ്ടു പേർ വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി.പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ രണ്ടു പേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവായി. 1,69,129 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിൽ വീടുകളിൽ 1,62,471 പേരും ആശുപത്രികളിൽ 658 പേരു നിരീക്ഷണത്തിൽ കഴിയുന്നു. ഇന്നു മാത്രം 150 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 6381 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപന നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ വിവരം ശേഖരിച്ച് പെട്ടെന്നുതന്നെ പരിശോധനയ്ക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പനിയും ചുമയും ഉള്ളവരുടെ പട്ടികയും അവരുമായി ബന്ധപ്പെട്ടവരുടെ പട്ടികയും പ്രത്യേകം തയ്യാറാക്കും. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. കാസര്‍കോടുള്ള കേന്ദ്ര സര്‍വകലാശാലയില്‍ സാമ്പിള്‍ ടെസ്റ്റങ്ങിനുള്ള അനുമതി ഐസിഎംആറില്‍നിന്നും ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നാളെ മുതൽ സൗജന്യ റേഷൻ വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ അന്ത്യോദയ മുൻഗണനക്കാർക്കും ഉച്ചകഴിഞ്ഞ് 2 മണി മുതൽ 5 മണി വരെ മുൻഗണനേതര വിഭാഗക്കാർക്കും റേഷൻ നല്‍കും. കടയിൽ ഒരു സമയത്ത് അഞ്ച് പേർ മാത്രമേ ഉണ്ടാകാവൂ. അഞ്ച് ദിവസം കൊണ്ട് അരിവിതരണം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിശ്ചിത സമയത്തിനുള്ളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാന്‍ അവസരം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏപ്രില്‍ ഒന്നുമുതല്‍ പൂജ്യം ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായിരിക്കും അരിവിതരണം നടത്തുക. ഏപ്രില്‍ രണ്ടാം തിയ്യതി രണ്ട്, മൂന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, മൂന്നാം തിയ്യതി നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, നാലാം തിയ്യതി ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, അഞ്ചാം തിയ്യതി എട്ട്, ഒന്‍പത് അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമായിക്കും സൗജന്യ അരിവിതരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Previous ArticleNext Article